തിരുവനന്തപുരം: അയ്യപ്പനെതിരെ മാത്രമല്ല ആർക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത ചില വാക്കുകൾ വന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഴുത്തുകാരൻ സണ്ണി എം.കപിക്കാട്. അയ്യപ്പൻ എന്തോ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഉദ്ദേശിച്ചത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കൊള്ളയാണ് പറഞ്ഞു വന്നത്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തി മാറ്റി പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍റെ ഉദ്ദേശശുദ്ധിയിൽ ഉറച്ചുനിൽക്കുന്നു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ യഥാർത്ഥ ഭക്തരാണ് എന്ന് വിശ്വസിക്കുന്നില്ല. പരാമർശത്തിന്‍റെ പേരിലുള്ള പൊലീസ് കേസിനെ നിയമപരമായി നേരിടും. സൈബർ ആക്രമണത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സർവകലാശാലയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സണ്ണി കപിക്കാട് പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും അടിയന്തരമായി ഇടപെട്ട് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടിരുന്നു.
%20(1).jpg)
0 Comments