പി.എം.ആര്‍ഷോയുടെ പിജി കോഴ്‌സിലെ പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ചു'

 


കൊച്ചി: ഡിവൈഎഫ്‌ഐ നേതാവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.എം.ആര്‍ഷോയ്‌ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ്. എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്ത് പി.ജി കോഴ്‌സിലേക്ക് ആര്‍ഷോ അനധികൃതമായി പ്രവേശനം നേടിയെന്ന ആരോപണത്തിലാണ് അന്വേഷണം. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക.

2023-2024ല്‍ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സിലെ വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. ഈ കാലത്ത് ആറാം സെമസ്റ്ററില്‍ ആവശ്യമായ ഹാജര്‍ ഇല്ലാതിരുന്നിട്ടും ഏഴാം സെമസ്റ്ററിലേക്ക് ആര്‍ഷോ പ്രവേശനം നേടിയെന്നാണ് പ്രധാന ആരോപണം. അന്ന് ഹാജര്‍ നില 10 ശതമാനത്തില്‍ താഴെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പലാണ് ആര്‍ഷോക്ക് പ്രവേശനം നല്‍കിയത്.

മുമ്പ് ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ കാലത്ത് ഇതേ പരാതിയില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടുകയും താക്കീത് നല്‍കി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ യുഡിഎഫ് നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റാണ് വിഷയം പുനഃപരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ഇതോടൊപ്പം മുന്‍ സിന്‍ഡിക്കേറ്റ് അംഗം പി.ഹരികൃഷ്ണനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിലും കൃത്രിമരേഖ നിര്‍മിച്ചതിലും സമഗ്രമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments