തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പരീക്ഷാ തട്ടിപ്പില്‍ ഇതുവരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ തേടി.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പിഎ സെക്രട്ടറി സാജു ജോര്‍ജ് ഗവര്‍ണറെ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജ് ലോക്ഭവനില്‍ എത്തിയത്.
പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളോ ആരോപണങ്ങളോ ഉയര്‍ന്നാല്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം വഴി പരിശോധിക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഗവര്‍ണറുടെ നീക്കം വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കാം.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയ നടപടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ പിഎസ്‌സി സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്. തനിക്ക് അതിനുള്ള അധികാരമുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്.
സംസ്ഥാനത്ത് ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാര്‍ഥികളില്‍ നിന്നും പരാതികള്‍ ലഭിച്ചിരിക്കുന്നത്. ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് തുടങ്ങിയ ചുരുക്കം ചില പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കപ്പുറം 90 വ്യത്യസ്ത പരീക്ഷകളില്‍ ക്രമക്കേട് നടന്നുവെന്ന ഗൗരവതരമായ പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.
അതേസമയം ആരോപണങ്ങള്‍ ഉയര്‍ന്ന 15 പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പിഎസ്‌സി നല്‍കുന്ന വിശദീകരണം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, കയര്‍ഫെഡ്, ഖാദി ബോര്‍ഡ് തുടങ്ങിയ പരീക്ഷകളിലാണ് പിഎസ്സിയുടെ വിശദീകരണം നല്‍കിയത്. നിലവിലുള്ള അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിഎസ്സി അറിയിച്ചിരുന്നു.
%20(1).jpg)
0 Comments