മരിച്ചെന്ന് നിഗമനം; സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള തുടരന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്




 തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന് വെളിപ്പെടുത്തിയ നഴ്സ് രത്നമ്മയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തിയെങ്കിലും കാര്യമായ കണ്ടെത്തലുകൾ ലഭിച്ചിരുന്നില്ല. സുകുമാരക്കുറുപ്പ് മരണപ്പെട്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

ജാർഖണ്ഡിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടെന്ന് മുൻപ് മൊഴി നൽകിയ നഴ്സ് രത്നമ്മയുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു സുകുമാരക്കുറുപ്പെന്നും നേരിട്ട് സംസാരിച്ചപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും അന്ന് രത്നമ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ, ഒളിവിൽ കഴിയുന്നവർ വർഷങ്ങൾ കഴിയുമ്പോൾ ബന്ധുക്കളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും ഇത്തരത്തിൽ യാതൊരുവിധ കോൺടാക്ടും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മതിയാക്കുന്നത്.

ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കുറുപ്പിന് 80 വയസ്സിന് മേൽ പ്രായവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുമെന്നതും അന്വേഷണം മതിയാക്കാൻ കാരണമായിട്ടുണ്ട്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസിന്‍റെ ഫയൽ വീണ്ടും പരിശോധിക്കുകയും, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ തന്നെ ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കുകയും ചെയ്യും.

മൂന്നര പതിറ്റാണ്ടിലേറെയായി കേരള പൊലീസിന്‍റെ തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ് ആണെന്ന് പകൽ പോലെ വ്യക്തമായി കഴിഞ്ഞുവെങ്കിലും അയാളുടെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ലക്ഷ്യം. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ആസൂത്രിതമായി കൊലപാതകം നടത്തുകയും ശേഷം ഒളിച്ചു കടക്കുകയും ചെയ്ത സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ കഴിയാതെ പൊലീസ് അവസാനം കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

0 Comments