മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ട് ജീവനൊടുക്കിയ ഷൗക്കത്തിൻ്റെ ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി എംവിഡി. മലപ്പുറം ആർടിഒ, ഗതാഗത കമ്മീഷണറേറ്റിലെ സീനിയർ വിജിലൻസ് ഓഫീസർ എന്നിവർ അന്വേഷിക്കും. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ഇന്ന് രാവിലെയാണ് ജീവനൊടുക്കിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്‍റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നതടക്കം വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.
തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നുവെന്നും, കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്നും കുറിപ്പിലുണ്ട്.
തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ മരണശേഷവും തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് ആവശ്യപ്പെടുന്നു. ഈ മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും, സാധാരണക്കാർക്ക് ഓരോ ആവശ്യത്തിനും കോടതികളെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഇത്തരമൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സാധാരണയായി നടക്കുന്ന രീതിയിലുള്ള ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കിൽ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ഷൗക്കത്ത് ആശങ്ക പ്രകടിപ്പിച്ചു. വാഹനത്തിൽ ചെയ്ത സ്റ്റീൽ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അൺഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വകുപ്പ് ശ്രമിച്ചേക്കാമെന്നും, എന്നാൽ മുൻപ് രണ്ട് തവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തതും ഇതേ വകുപ്പ് തന്നെയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നാണ് ഷൗക്കത്തിന്റെ അവസാനത്തെ അഭ്യർത്ഥന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നാലെയാണ് എംവിഡിയും ആരോപണങ്ങൾ അന്വേഷിക്കുമെന്ന് അറിയിച്ചത്.
അതേസമയം, ഷൗക്കത്തിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ കിഴിശ്ശേരി അങ്ങാടിയിൽ റോഡ് ഉപരോധിച്ചു. വിവിധ ഓട്ടോ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊണ്ടോട്ടി-അരീക്കോട് സംസ്ഥാനപാതയാണ് ഉപരോധിക്കുന്നത്.
%20(1).jpg)
0 Comments