ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മികവുറ്റ വിദ്യാർഥികൾക്ക് സുവർണാവസരവുമായി എസ്ബിഐ ഫൗണ്ടേഷൻ. വിദ്യാർഥികളുടെ പഠനച്ചെലവിന് സാമ്പത്തിക സഹായം നൽകുന്ന സ്കോളർഷിപ്പ് പദ്ധതിയുമായാണ് എസ്ബിഐ ഫൗണ്ടേഷൻ രംഗത്തെത്തിയിരിക്കുന്നത്.
എസ്‌ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് 2026-27-ലേക്കുള്ള അപേക്ഷകൾ ആരംഭിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര പഠനം വരെയും വിദേശത്തെ ഉന്നത പഠനത്തിനും സ്കോളർഷിപ്പ് ലഭിക്കും. വിഭാഗം അനുസരിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായം.
ഔദ്യോഗിക എസ്‌ബിഐ ആശ സ്കോളർഷിപ്പ് പോർട്ടൽ പ്രകാരം, 2026-27 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ജൂലൈ 22ന് ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷാ നടപടികൾ പൂർണമായും ഓൺലൈനായി സൗജന്യമായി പൂർത്തിയാക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം?
വിവിധ വിദ്യാഭ്യാസ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഓരോ വിഭാഗത്തിനും വ്യത്യസ്തമായ അക്കാദമിക് യോഗ്യത, കുടുംബവരുമാന പരിധി, വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട നിബന്ധനകൾ എന്നിവ ബാധകമാണ്.
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ
ഒമ്പതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 15,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. ഇതിന് ആവശ്യമായ അക്കാദമിക് യോഗ്യതയും കുടുംബവരുമാന പരിധിയും ബാധകമാണ്.
ബിരുദ വിദ്യാർഥികൾക്ക് 75,000 രൂപ വരെ
ബിരുദ വിദ്യാർഥികൾക്ക് 75,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. എൻഐആർഎഫ് ഓവർ ഓൾ (NIRF Overall ) റാങ്കിങ്ങിൽ ആദ്യ 300ൽ ഉൾപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിലോ നാക് 'എ' ഗ്രേഡോ അതിന് മുകളിലോ ഉള്ള സ്ഥാപനത്തിലോ പഠിക്കുന്നവർക്കാണ് ഈ വിഭാഗത്തിൽ അപേക്ഷിക്കാനാകുക. എന്നാൽ കുടുംബത്തിന്റെ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
പിജി, മെഡിക്കൽ, ഐഐടി, ഐഐഎം വിദ്യാർഥികൾ
ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് 1.5 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. എംബിബിഎസ് , ഐഐടി , ഐഐഎം തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും പ്രത്യേക സ്കോളർഷിപ്പ് വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിനും വിദ്യാഭ്യാസ യോഗ്യത, സ്ഥാപനത്തിന്റെ നിലവാരം, കുടുംബവരുമാനം തുടങ്ങിയ വ്യത്യസ്ത മാനദണ്ഡങ്ങളാണ് നോക്കുക. വിദ്യാർഥികൾക്ക് തങ്ങളുടെ യോഗ്യത അനുസരിച്ച് ഔദ്യോഗിക എസ്‌ബിഐ ആശ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

0 Comments