കണ്ണൂർ: തിരുവനന്തപുരം ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ രമ്യക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സംസ്ഥാനത്ത് വലിയ യുഡിഎഫ് തരംഗം ഉണ്ടായിട്ടും ആലത്തൂരിൽ എന്തുകൊണ്ട് തോറ്റു എന്നതിൻ്റെ ഉത്തരം ഇപ്പോൾ ലഭിച്ചു എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. നേതാക്കൾ തമ്മിലുള്ള പരസ്യ തർക്കങ്ങളും സംഘർഷങ്ങളുമാണ് അവിടെ തിരിച്ചടിയായതെന്ന സൂചനയാണ് റിജിൽ നൽകുന്നത്.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ രമ്യ ഹരിദാസിന്റെ അനുയായി പങ്കെടുത്തതിനെ പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേക്കുറിച്ച് ചോദിക്കാൻ രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി. ഇതിനുപിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളും മറ്റ് പ്രാദേശിക നേതാക്കളും സ്ഥലത്തെത്തുകയും, വാക്കുതർക്കം വലിയൊരു കയ്യാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 14 കോൺഗ്രസ് നേതാക്കൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, എംഎൽഎയും സംഘവും വീട്ടിൽ അതിക്രമിച്ചു കയറി എന്നാരോപിച്ച് സജാദും കുടുംബവും പൊലീസിൽ മറുപടിയും നൽകിയിട്ടുണ്ട്.
തൻ്റെ സ്റ്റാഫായ പാളയം പ്രദീപിനെതിരെയാണ് സജാദ് പോസ്റ്റിട്ടത് എന്നായിരുന്നു രമ്യയുടെ വാദം. എന്നാൽ പാളയം പ്രദീപ് എംഎൽഎയുടെ ഔദ്യോഗിക സ്റ്റാഫ് അല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു എംഎൽഎയ്ക്ക് സർക്കാർ നൽകുന്നത് മൂന്ന് സ്റ്റാഫുകളെയാണ്. ഡെപ്യൂട്ടേഷനിൽ വന്ന മണ്ഡലം പ്രതിനിധി വിമൽ, ഡ്രൈവർ എന്നിവർക്കൊപ്പം മറ്റൊരു സ്റ്റാഫ് കൂടിയാണുള്ളത്. ഈ ഔദ്യോഗിക പട്ടികയിൽ എവിടെയും പാളയം പ്രദീപിന്റെ പേരില്ല.
നേതാക്കൾ തമ്മിലുള്ള പരസ്യവിഴുപ്പലക്കലും പൊലീസിൽ കേസായതും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിൽ കെപിസിസി നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ നിർദേശപ്രകാരം മുൻ അധ്യക്ഷൻ എം.എം ഹസൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്

0 Comments