റായ്പൂർ: ഛത്തീസ്ഗഢിലെ ജിറാം ഘാട്ടിയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണക്കേസിൽ 10 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരം സെപ്റ്റംബർ 5നാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഛത്തീസ്ഗഡ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് പൂർണമായി ഇല്ലാതാക്കിയ ആക്രമണത്തിനാണ് 2013 മേയ് 25ന് ജിറാം ഘാട്ടി സാക്ഷ്യം വഹിച്ചത്. മുൻ കേന്ദ്രമന്ത്രി വി.സി ശുക്ല, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നന്ദകുമാർ പട്ടേൽ, മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ്മ എന്നിവരുൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായിരുന്നു ആക്രമണത്തിൽ കെല്ലപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിവർത്തൻ റാലിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾക്ക് നേരെയായിരുന്നു മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട മഹേന്ദ്ര കർമ്മ, ഛത്തീസ്ഗഢിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും മാവോയിസ്റ്റ് വിരുദ്ധ മുന്നേറ്റമായ 'സാൽവ ജുദൂം' രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയുമാണ്. അതിനാൽ തന്നെ അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു മാവോയിസ്റ്റുകളുടെ പ്രധാന ലക്ഷ്യം. മോവോയിസ്റ്റുകൾക്ക് തങ്ങുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കാൻ ലക്ഷ്യമിട്ട് 2005ലായിരുന്നു ഈ പദ്ധതി ആരംഭിച്ചത്.

0 Comments