ന്യൂഡല്‍ഹി: യുപിഐ വഴി 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചുമത്തുന്ന ഫീസിന് ജിഎസ്ടിയും ഈടാക്കും. 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. എന്നാല്‍, ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് ഇത് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റായി തിരികെ ലഭിക്കും.
ഇതുപ്രകാരം ഉദാഹരണമായി 10,000 രൂപയുടെ ഇടപാട് നടത്തുന്ന വ്യാപാരിക്ക് 40 രൂപയാണ് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റായി നല്‍കേണ്ടി വരിക. ഇതിനൊപ്പം ഏഴ് രൂപയോളം ജിഎസ്ടിയും നല്‍കണം. ഈ ഏഴ് രൂപയാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്ന് പറയുന്നത്. എന്നാല്‍, ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ക്ക് ഈ തുക കൈയില്‍ നിന്നും കൊടുക്കേണ്ടി വരും. ജിഎസ്ടി ഇളവുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്കാവും ഇത് തിരിച്ചടിയാവുക.
കഴിഞ്ഞ ദിവസമാണ് യുപിഐ ചാര്‍ജുകളില്‍ വ്യക്തതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമായി തുടരുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, അതിന് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ നല്‍കേണ്ടി വരും. വ്യാപാരികളാണ് ഈ ചാര്‍ജ് നല്‍കേണ്ടത്.
എംഡിആര്‍ ചാര്‍ജില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ജിഎസ്ടി സംബന്ധിച്ച വിവരങ്ങളും പുറത്ത് വരുന്നത്. പുതിയ എംഡിആര്‍ ചാര്‍ജ് ചെറിയ വ്യാപാരികളുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ചെലവ് വര്‍ധിപ്പിക്കുമെന്ന് റീടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

0 Comments