കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിമാന്‍ഡിലുള്ള റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസ് എസ്‌ഐടിയുടെ തീരുമാനം. കേസില്‍ ഹൈക്കോടതിയിലും ആന്റോ തിരിച്ചടി നേരിട്ടിരുന്നു.
സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആന്റോയ്ക്ക് ഹൈക്കോടതിയും ഇടക്കാല ജാമ്യം നിഷേധിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
മദ്യം പിടിച്ചെടുത്ത വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്ന വാദമാണ് ആന്റോ അഗസ്റ്റിന്റെ ഭാഗത്തുനിന്ന് പ്രധാനമായും ഉയര്‍ന്നത്. ഈ വാദം പരിഗണിച്ച കോടതി, മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും പ്രതിഭാഗത്തോടും നിര്‍ദേശിച്ചു.
വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ കേസിന്റെ മെറിറ്റിലേക്ക് കടക്കുകയുള്ളൂവെന്നും ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി. ചൊവ്വാഴ്ചയ്ക്ക് മുമ്പ് കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. അതേസമയം മുട്ടില്‍ മരംമുറിയിലെ വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങല്‍ക്കെതിരെയുള്ള കുറ്റപത്രം ഇന്ന് ചോറ്റാനിക്കര കോടതിയില്‍ വായിച്ചുകേള്‍പ്പിക്കും.
ഇതിനുപുറമെ മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കായികവകുപ്പിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. റെയ്ഡില്‍ കണ്ടെത്തിയ രേഖകളുടെ പരിശോധന തുടരുകയാണ്. മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും.

0 Comments