വൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കും

 



കാർഷിക മേഖലയിലെ വിദേശനിക്ഷേപം ലക്ഷ്യമിട്ട് വ്യവസ്ഥകൾ ഉദാരമാക്കാൻ സർക്കാർ ആലോചിക്കുന്നു. വാഴപ്പഴം പോലുള്ള വാണിജ്യവിളകളെ നയത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ വാഴപ്പഴ ഉത്പാദക രാജ്യമാണെങ്കിലും ആഗോള കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ വിഹിതം കുറവാണ്. വിദേശനിക്ഷേപം ആകർഷിക്കുന്നതിലൂടെ ആഗോള വിപണിവിഹിതവും കയറ്റുമതി വരുമാനവും കൂട്ടുകയാണ് ലക്ഷ്യം.

തേയില, കാപ്പി, റബ്ബർ, ഏലം, പാം ഓയിൽ, ഒലീവ് ഓയിൽ എന്നിവയുടെ തോട്ടം മേഖലയിൽ (പ്ലാന്റേഷൻ) 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്ക് വാഴപ്പഴം ഉൾപ്പെടെ കൂടുതൽ വാണിജ്യവിളകളെ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്.

പ്രതിവർഷം മൂന്നുകോടി ടണ്ണിലധികം വാഴപ്പഴം ഉത്പാദിപ്പിക്കുന്ന ഇന്ത്യ നിലവിൽ മുന്നിലാണ്. ആഗോള ഉത്പാദനത്തിന്റെ 26.45 ശതമാനവും (3.53 കോടി മെട്രിക് ടൺ) ഇന്ത്യയിലാണ്. ആഗോള ഉത്പാദനത്തിൽ മുൻപന്തിയിലാണെങ്കിലും ലോകവിപണിയിലെ കയറ്റുമതിയിൽ ഒരു ശതമാനം വിഹിതം മാത്രമാണ് ഇന്ത്യക്കുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ 37.75 കോടി ഡോളറിന്റെ വാഴപ്പഴം കയറ്റുമതി ചെയ്തു (30 ശതമാനം വാർഷിക വളർച്ച). വരും വർഷങ്ങളിൽ ഇത് 100 കോടി ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഉത്പാദനത്തിന്റെ 67 ശതമാനവും ആന്ധ്ര, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്. ഇറാൻ, ഇറാഖ്, യു.എ.ഇ, ഒമാൻ, ഇസ്‌ബെക്കിസ്ഥാൻ, സൗദി അറേബ്യ, നേപ്പാൾ, ഖത്തർ, കുവൈത്ത്, ബഹറിൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റിയയക്കുന്നത്. യു.എസ്.എ, റഷ്യ, ജപ്പാൻ, ജർമനി, ചൈന, നെതർലാન્ഡ്സ്, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കയറ്റുമതി സാധ്യതകൾ നിലവിലുണ്ട്.

പ്ലാന്റേഷൻ മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകൾ പരിഷ്‌കരിക്കാനുള്ള നീക്കം കാർഷിക കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ്. വാഴപ്പഴം ഉത്പാദനത്തിൽ ഇന്ത്യയ്ക്കുള്ള മുൻതൂക്കം പ്രയോജനപ്പെടുത്തുന്നതിനും ആഗോള വിപണിയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും നയപരമായ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Post a Comment

0 Comments