മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ സ്വരം കടുപ്പിച്ച് കോടതി; വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കാൻ നിർദേശം



കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികള്‍ ഹാജരാകാത്തതിൽ സ്വരം കടുപ്പിച്ച് കോടതി. വിചാരണക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒഴിവാക്കുമെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പറഞ്ഞു. പ്രതികള്‍ സെപ്റ്റംബര്‍ 11ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

കൃത്യമായ രേഖകളില്ലാതെ തനിക്ക് മരം വിറ്റെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് അമ്പലമേട് പൊലീസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തത്.

കേസില്‍ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി, ആന്റോ അഗസ്റ്റിന്‍ രണ്ടാം പ്രതിയുമാണ്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കേസില്‍ തീരുമാനമാകുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഒരേ കുറ്റങ്ങളുള്ള കേസില്‍ ഒരുമിച്ച് വിചാരണ നടത്തണമെന്നും ചോറ്റാനിക്കര കോടതിയിലെ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും ഈ ഹരജി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ചോറ്റാനിക്കര കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.

അതേസമയം സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം നേരിട്ട് ഹാജരായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇവര്‍ കോടതിയില്‍ എത്തിയത്.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് പൊലീസ് ആകെ 41 കേസുകളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഇതില്‍ 12 കേസുകളാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്. 

Post a Comment

0 Comments