ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണെ ഓപ്പണറായി പിന്തുണയ്ക്കണമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനോടും പരിശീലകൻ ഗൗതം ഗംഭീറിനോടും മുൻ ഇന്ത്യൻ താരം വിവേക് റാസ്ദാൻ. 15-കാരൻ വൈഭവ് സൂര്യവംശിയേക്കാൾ പരിചയസമ്പന്നനായ സഞ്ജു സാംസണെയാണ് ആദ്യ മത്സരത്തിൽ കളിപ്പിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം.
സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി എന്നീ മൂന്ന് മുൻനിര ഓപ്പണർമാർ ടീമിലുള്ളതിനാൽ ആരെ പുറത്തിരുത്തുമെന്ന വലിയ ആശയക്കുഴപ്പത്തിലാണ് പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും. സിംബാബ്‌വെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിയും, ഈ വർഷത്തെ ടി20 ലോകകപ്പ് കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജുവും തമ്മിലാണ് പ്രധാന മത്സരമെന്ന് റാസ്ദാൻ ചൂണ്ടിക്കാട്ടി.
ഐപിഎല്ലിലെയും മറ്റ് പരമ്പരകളിലെയും പ്രകടനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് വൈഭവ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് വിവേക് റാസ്ദാൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

0 Comments