പൊലീസ് സ്റ്റേഷനിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പൊലീസുകാരന് പങ്കെന്ന് സൂചന

 



വയനാട്: സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ചത് പൊലീസുകാരൻ തന്നെയെന്ന് സൂചന. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയിലയാണ് മോഷ്‌ടിച്ചത്‌. സ്റ്റേഷനിൽ നിന്ന് ലഹരിവസ്‌തുക്കൾ കാറിൽ കടത്തിയ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മോഷ്‌ടിച്ച പുകയില വസക്കൾ ലഹരി കടത്തുകാർക്ക് വിൽപ്പന നടത്തിയെന്നും സംശയിക്കുന്നു. തൊണ്ടിമുതൽ കടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 13,800 പാക്കറ്റ് ഹാൻസും, കൂൾലിപ്പുമാണ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ നിന്ന് കാണാതായത്. സുൽത്താൻ ബത്തേരി സ്റ്റേഷനിലേക്ക് ഒരു കാർ കടന്നു വരുന്നതും അതിലേക്ക് ലഹരിചാക്ക് എടുത്തുവക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് സുൽത്താൻ ബത്തേരിയിൽ വൻതോതിലുള്ള ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത പുകയില വസ്‌തുക്കൾ പൊലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

സെപ്റ്റംബർ എട്ടിനാണ് ലഹരിവസ്‌തുക്കൾ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്‌. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഒളിവിലാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

Post a Comment

0 Comments