കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്

 




കാര്‍ഷിക മേഖലയെ കൂടുതല്‍ ആദായകരമാക്കി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച അഗ്രി ടെക്‌നോളജി മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം കര്‍ഷകര്‍ക്ക് കൃഷി വകുപ്പും ഫ്യൂസിലേയ് ഫ്‌ളയിങ് സ്റ്റാര്‍ട്ടപ്പ് സംരംഭവും സംയുക്തമായി നല്‍കുന്ന ഡ്രോണ്‍ പൈലറ്റിംഗ് പരിശീലനം- ലൈസന്‍സിങ്ങ് എന്നിവയ്ക്ക് കൃഷി മന്ത്രിയെന്ന നിലയില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനം കൃഷിയുടെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവെയ്പ്പാണ്. കേരളത്തിലെ കാര്‍ഷിക മേഖലയെ കൂടുതല്‍ ആധുനികവും കാര്യക്ഷമവും സുസ്ഥിരവുമാക്കാന്‍ ഡ്രോണുകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയും. വിളകളുടെ നിരീക്ഷണം, കൃഷിയിടങ്ങളുടെ വിലയിരുത്തല്‍, സ്‌പ്രേയിങ് തുടങ്ങി നിരവധി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഡ്രോണ്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനം, പ്രവര്‍ത്തന നൈപുണി, സുരക്ഷാ നടപടി സംബന്ധിച്ച വിഷയങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ ലഭ്യത ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടാണ് കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണുര്‍ ജില്ലകളിലെ 20 പേര്‍ക്ക് വീതം ലൈസന്‍സ് എടുത്തു നല്‍കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതി മുഖേന പരിശീലനം ലഭിച്ച ഡ്രോണ്‍ പൈലറ്റുമാരുടെ ലഭ്യത ഉറപ്പാക്കി ഡ്രോണ്‍ സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായി കര്‍ഷകരിലേക്ക് എത്തിക്കാന്‍  സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

തമിഴ്നാട് കമ്മം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഐ.ഐ.ടിയുടെ സഹായത്തോടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കീടനാശിനി പ്രയോഗം കുറയ്ച്ച് വിളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രക്രിയ കേരളത്തില്‍ നടപ്പിലാക്കും. വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ നേരിടുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനവും വരള്‍ച്ചയും നേരിടാന്‍ സമഗ്രമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കും. കൃഷിയിടങ്ങളില്‍ ലഭ്യമാക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്ക് സംഭരിച്ച്  ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി തടയണകള്‍, വരമ്പുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഏകോപനം നടത്തും. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ സംസ്ഥാനത്തെ 500 സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും.

അഗ്രോ-മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകള്‍ കൃഷിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച് കൃഷിപ്പണികളില്‍ കാലതാമസം ഉണ്ടാക്കി  ചെലവ് വര്‍ധിപ്പിച്ച്  ഉത്പാദന ക്ഷമത കുറയ്ക്കാന്‍ സാധ്യതയുണ്ട്. വിദൂര മേഖലകളിലെ കര്‍ഷകര്‍ക്ക് സമയബന്ധിതമായി സാങ്കേതിക സഹായം ലഭ്യമാക്കുന്നതില്‍  ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഇത്തരം സാഹതര്യങ്ങളില്‍ പരിഹാരമായാണ് മൊബൈല്‍ അഗ്രോ മെഷിനറി സര്‍വീസ് യൂണിറ്റുകള്‍ ആരംഭിക്കുന്നത്. കര്‍ഷകരുടെ അടുക്കലേക്ക് കാര്‍ഷിക യന്ത്രങ്ങളുടെ സാങ്കേതിക സേവനങ്ങള്‍ എത്തിക്കുകയാണ് യൂണിറ്റുകളുടെ ലക്ഷ്യം. മൊബൈല്‍ അഗ്രോ മെഷിനറി സര്‍വീസ് യൂണിറ്റുകള്‍ വഴി കാര്‍ഷിക യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന, പ്രതിരോധാത്മക പരിപാലനം, യന്ത്രങ്ങളുടെ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കല്‍, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക മാര്‍ഗനിര്‍ദേശം, കാര്‍ഷിക യന്ത്രങ്ങളുടെ ശരിയായ പരിപാലനം തുടങ്ങീയ സേവനങ്ങള്‍ ലഭിക്കും. സ്മാം പദ്ധതി മുഖേന ജനറല്‍, എസ്.സി, എസ്.ടി കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് ാമ്പത്തിക സഹായവും സബ്‌സിഡിയും ഉറപ്പാക്കും. കൃഷിയന്ത്രങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ക്കായി മൊബൈല്‍ അഗ്രോ മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ ആരംഭിക്കും. കൃഷിയിടങ്ങളളിലെ വന്യമൃഗശല്യം തടയുന്നതിന് പ്രത്യേക കോണ്‍ക്ലേവ് സംഘടിപ്പിക്കും. വന്യമൃഗ ആക്രമണത്താല്‍ വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കാന്‍ 192 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചു. ആധുനിക സാങ്കേതികവിദ്യകള്‍ സ്വാംശീകരിച്ച്, കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി കൃഷി മേഖലയെ സംരക്ഷിക്കാന്‍ പൊതുസമൂഹം ഒന്നിച്ചുനില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് അഗ്രോ മെഷിനറി സര്‍വീസ് ആന്‍ഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് യൂണിറ്റുകളുടെ ഫ്‌ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. സ്മാം വനിതാ കര്‍ഷ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്മാം പദ്ധതി ഗ്രൂപ്പുകള്‍ക്കുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ സീന, സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ ആര്‍ ജയരാജന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജിനി തോമസ്, വി.എന്‍ ശശീന്ദ്രന്‍, ഗിരിജ കൃഷ്ണന്‍, സല്‍മ മൊയിന്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ.ആര്‍ സുരേഷ്, ഡോ. നീരവ് യു ജോഷി, കര്‍ഷകര്‍, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ഷിക കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

Post a Comment

0 Comments