ദോഹ: രാജ്യത്തിനു നേരെ നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ അടിസ്ഥാനരഹിതമെന്ന് ഖത്തർ. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയ്ക്ക് ഇതു സംബന്ധിച്ച് കത്ത് കൈമാറി. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇറാന് ആവില്ലെന്നാണ് ഖത്തർ ഐക്യരാഷ്ട്രസഭയെ അറിയിച്ചത്. ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ഇറാന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ഖത്തർ വ്യക്തമാക്കി.
യുഎന്നിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് അൽഥാനിയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, രക്ഷാ കൗൺസിൽ പ്രസിഡണ്ട് ജെറോം ബൊണാഫോണ്ട് എന്നിവർക്ക് ഇതു സംബന്ധിച്ച കത്തു കൈമാറിയത്. ഖത്തറിനെതിരായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. സ്വയംപ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണങ്ങൾ എന്ന ഇറാൻ വാദം അംഗീകരിക്കാനാകില്ല. രാജ്യത്തെ ഊർജ സ്ഥാപനങ്ങൾ, ടാങ്കറുകൾ, വാണിജ്യ കപ്പലുകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കു മേൽ ഇറാൻ ആക്രമണം നടത്തി. ഇതിന്റെ സാമ്പത്തികവും ഭൗതികവുമായ നഷ്ടങ്ങൾക്ക് ഇറാൻ ഉത്തരവാദിയാണ്. നഷ്ടത്തിന്റെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും ഖത്തർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര നാവിക സഞ്ചാരം ഉറപ്പാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി തങ്ങൾ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇറാന്റെ സമീപനം. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഖത്തർ ആവർത്തിച്ചു.

0 Comments