ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

 



ദില്ലി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ യാതൊരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദില്ലിയിൽ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വിദേശകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് റിലേഷൻസ് സെക്രട്ടറി സുധാകർ ദലേലയാണ് ഇക്കാര്യം അറിയിച്ചത്. ഉഭയകക്ഷി ഇടപാടുകൾക്കായി ഇപ്പോൾ ഉപയോഗിക്കുന്ന ഡോളറിന് പകരം മറ്റൊരു കറൻസി പരിഗണനയിലുണ്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇതിന് പകരം അംഗരാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി വ്യാപാരം സ്വന്തം രാജ്യങ്ങളിലെ കറൻസികളിൽ നടത്താനാണ് നിലവിൽ ഊന്നൽ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കച്ചവട ഇടപാടുകളിലെ അധിക ചെലവുകൾ കുറയ്ക്കാനും അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനത്തെ കൂടുതൽ സുഗമമാക്കാനും പ്രാദേശിക കറൻസികളിലെ വ്യാപാരം സഹായിക്കുമെന്ന് സുധാകർ ദലേല ചൂണ്ടിക്കാട്ടി. ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് സഹായകമായ ഒരു പ്രായോഗിക സംവിധാനമായാണ് ഇന്ത്യ കാണുന്നത്. വിവിധ മേഖലകളിലെ സാമ്പത്തിക-സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനായി നിരവധി ചർച്ചകൾ ഉച്ചകോടിയിൽ നടന്നതായി അദ്ദേഹം വ്യക്തമാക്കി. വ്യാപാര തടസ്സങ്ങളും ഏകപക്ഷീയമായ താരിഫുകളും കുറയ്ക്കുന്നതിനെക്കുറിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ബാങ്കിംഗ്-ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിച്ച് വേഗതയേറിയതും ചെലവുകുറഞ്ഞതുമായ ഇടപാടുകൾ സാധ്യമാക്കാനാണ് കൂടുതൽ മുൻഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി

Post a Comment

0 Comments