SIR മൂന്നാം ഘട്ടം; 6.15 കോടി വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്ത്, 57.6 ലക്ഷം പേർ പുതുതായി ചേർന്നു

 



ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ മൂന്നാം ഘട്ടം നടക്കുന്ന 17 സംസ്ഥാനങ്ങളിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 57.57 ലക്ഷം വോട്ടർമാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. അതേസമയം, രണ്ട് മാസത്തിനിടെ 6.15 കോടി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും കണ്ടെത്തി.

2024 ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഈ 17 സംസ്ഥാനങ്ങളിലായി ആകെ 35.50 കോടി വോട്ടർമാരാണുണ്ടായിരുന്നത്. പിന്നീട് വോട്ടർപട്ടികയിൽ 57.57 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയതോടെ എണ്ണം 36.08 കോടിയായി ഉയർന്നു.

എന്നാൽ, SIR-ന് ശേഷമുള്ള കരട് പട്ടിക പ്രകാരം വോട്ടർമാരുടെ എണ്ണം 29.93 കോടിയായി കുറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 15.7 ശതമാനത്തിന്റെ കുറവാണിത്. SIR-ന് മുമ്പുള്ള വോട്ടർപട്ടികയും കരട് പട്ടികയും താരതമ്യം ചെയ്തപ്പോൾ ആകെ 6.15 കോടി പേരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ടർപട്ടികയിലെ വർധനയിൽ മഹാരാഷ്ട്രയാണ് പ്രധാന പങ്കുവഹിച്ചത്. സംസ്ഥാനത്ത് 47.92 ലക്ഷം വോട്ടർമാരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. എന്നാൽ SIR മൂന്നാം എണ്ണത്തിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയതും മഹാരാഷ്ട്രയിലാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 9.30 കോടി വോട്ടർമാരുണ്ടായിരുന്ന സംസ്ഥാനത്ത് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ എണ്ണം 7.71 കോടിയായി കുറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനും SIR നടപടികൾ ആരംഭിക്കുന്നതിന് മുമ്പുള്ള കാലയളവിനുമിടയിൽ മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. അതേസമയം, ഡൽഹി, ഒഡിഷ, ഉത്തരാഖണ്ഡ് ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായി. നിലവിൽ SIR നടപടിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ വോട്ടർപട്ടികകൾ വിശദമായി പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments