തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക സർക്കാർ ഗണ്യമായി വർധിപ്പിച്ചു. വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരത്തുക 17.5 ലക്ഷം രൂപയാക്കി. നേരത്തെ ഇത് 14 ലക്ഷം രൂപയായിരുന്നു. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണം മൂലമുള്ള മരണങ്ങൾക്ക് 5 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക.
അതോടൊപ്പം, ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 2 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകിയിരുന്ന 2.5 ലക്ഷം രൂപ 3,12,500 രൂപയായും ഉയർത്തിയിട്ടുണ്ട്.
ധനസഹായം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം പരിഷ്കരിക്കുന്നതിനായി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. നഷ്ടപരിഹാരത്തുകയില്‍ വര്‍ധിപ്പിക്കുന്ന തുക വനംവകുപ്പ് അനുവദിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.

0 Comments