ന്യൂഡൽഹി: ഉത്തർപ്രദേശിലെ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണ പ്രക്രിയയിൽ കൂട്ടത്തോടെ സമർപ്പിക്കപ്പെട്ട വ്യാജ ഫോം 7 അപേക്ഷകളിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നിർദേശം നൽകി. പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യാൻ സമർപ്പിച്ച ഇത്തരം അപേക്ഷകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തിയെന്നും അതിന്മേൽ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തർപ്രദേശിലെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹരജി പരിഗണിച്ചത്. കോൺഗ്രസ് എംപി തനൂജ് പുനിയ, സമാജ്വാദി പാർട്ടി നേതാവ് അരവിന്ദ് കുമാർ സിങ് എന്നിവരാണ് പ്രധാന ഹരജിക്കാർ. വോട്ടർപട്ടികയിൽ ഉൾപ്പെട്ട ഒരാളുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷയാണ് ഫോം 7.
ഗുരുതര ആരോപണവുമായി ഹരജിക്കാർ
ഒരു മണ്ഡലത്തിൽ പ്രത്യേക സമുദായത്തിൽപ്പെട്ടവരെ ലക്ഷ്യമിട്ട് മാത്രം 32 ഫോം 7 അപേക്ഷകൾ സമർപ്പിച്ചതായി ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതിൽ രണ്ട് ഫോമുകളിൽ ബിഎൽഒമാർ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ അപേക്ഷകൾ ലഭിച്ചിട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുകളുണ്ട്. ഉത്തർപ്രദേശിൽ ഇത്തരം നീക്കങ്ങൾക്കെതിരെ നടപടിയെടുക്കാതിരുന്നതാണ് കർണാടകയിലും തെലങ്കാനയിലും സമാന സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കിയതെന്നും എന്നാൽ അവിടെ സിഇഒമാർ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

0 Comments