വയനാട്: മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന പരാതിയിൽ നടത്തിയ രക്തപരിശോധനാഫലം നെഗറ്റീവ്. പ്രിൻസിപ്പലിന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നും ഇതാണ് പരിശോധനാഫലം നെഗറ്റീവാകാൻ കാരണമെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം.
കഴിഞ്ഞ ഞായറാഴ്ചയാണ് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 135 വിദ്യാർഥികൾ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം വിദ്യാർഥികൾ ഉന്നയിക്കുകയായിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി.
തുടർന്ന് രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിക്കുകയും പ്രിൻസിപ്പൽ സഞ്ചരിച്ച ബസ് തടയുകയും ചെയ്തു. രക്തപരിശോധന നടത്തിയ ശേഷമേ പ്രിൻസിപ്പലിനെ സ്കൂളിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്. തുടർന്ന് പൊലീസ് വാഹനത്തിലാണ് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്.
സംഭവം നടന്ന് 12 മണിക്കൂറിന് ശേഷമാണ് രക്തസാമ്പിൾ ശേഖരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതാണ് പരിശോധനാഫലം നെഗറ്റീവാകാൻ കാരണമെന്ന സംശയവും അവർ ഉന്നയിക്കുന്നുണ്ട്. പ്രിൻസിപ്പൽ യൂറിൻ പരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന കാര്യവും ചർച്ചയായിട്ടുണ്ട്.

0 Comments