മണിപ്പൂർ വീണ്ടും അശാന്തം; നാല് പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മൃതദേഹങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം

 



ഇംഫാല്‍: മണിപ്പൂരിൽ സ്വസ്ഥജീവിതത്തിന് വിലങ്ങുതടിയായി വീണ്ടും ആക്രമണം. പങ്കല്‍, ഖമന്‍ലൊക്കിന്‍ എന്നിവിടങ്ങളില്‍ ഇന്നലെ അര്‍ദ്ധരാത്രിയും ഇന്ന് പുലർച്ചെയുമുണ്ടായ ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷസാഹചര്യം അമര്‍ച്ച ചെയ്യാന്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പിലെത്തിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പിന്നാലെ പൊലീസ് ഇടപെട്ട് ഇവരെ തിരിച്ചയച്ചു.

പങ്കലില്‍ ഇന്നലെ രാത്രി മെയ്തികള്‍ പങ്കെടുത്ത പ്രാദേശിക സംഗീത പരിപാടിക്കിടെയാണ് ആദ്യം ആക്രമണമുണ്ടായത്. ആള്‍ക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും, ഗുരുതരമായി പരിക്കേറ്റ 24കാരന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല.


കിഴക്കന്‍ ഇംഫാല്‍ മേഖലയിലെ ഖമന്‍ലൊക്കിനില്‍ വിറക് ശേഖരിക്കാന്‍ പോയവര്‍ക്ക് നേരെയാണ് അടുത്ത ആക്രമണം. പ്രദേശത്ത് ആയുധധാരികളായ കുക്കികളുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഖമൻലോക്കിനിൽ കൊല്ലപ്പെട്ട മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അരുബാം റോനിൽ, ലെയ്റെൻലാക്പാം ഇനാബോബി, ക്ഷെത്രിമയും സുശീൽ എന്നിവരാണ് വിറക് ശേഖരിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ. ഇവിടെയുണ്ടായ ആക്രമണത്തിലും ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രദേശത്തെ സൈനായി ക്യാമ്പ് ഉടന്‍ നീക്കം ചെയ്യണമെന്നും എംഎല്‍എ തോക്കോം ലോകേശ്വര്‍ സിങ് പറഞ്ഞു. വിറക് ശേഖരിക്കാന്‍ പോകുന്നവര്‍ക്ക് സുരക്ഷ നല്‍കുമെന്ന് അസം റൈഫിള്‍സ് ഉറപ്പ് നല്‍കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, പരിക്കേറ്റ് രാജ് മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിംഗ് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

Post a Comment

0 Comments