ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ആളുകൾ കൂടുതലായി ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയത്. ഇൻഡക്ഷനുമായി ബന്ധപ്പെട്ട് പല സംശയങ്ങളും തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്. ഇൻഡക്ഷൻ അടുപ്പുകൾ വൈദ്യുതി ബിൽ കൂട്ടുമെന്നതാണ് അതിലൊന്ന്.എന്നാൽ ഇതിന്റെ യാഥാര്‍ഥ്യമെന്താണെന്ന് നോക്കാം.
പരമ്പരാഗത ഗ്യാസ് സ്റ്റൗവുകളെയോ അല്ലെങ്കിൽ ഇലക്ട്രിക് ഹീറ്ററുകളെയോ അപേക്ഷിച്ച് ഇൻഡക്ഷൻ കുക്കറുകൾ വളരെ വേഗത്തിൽ ചൂടാവുന്നു. ഇൻഡക്ഷൻ കുക്കറുകൾ പാത്രത്തിന്റെ അടിഭാഗത്തെ നേരിട്ട് ചൂടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഊര്‍ജനഷ്ടം വളരെ കുറവാണ്. ഇതിന്റെ എനർജി എഫിഷ്യൻസി ഏകദേശം 84% മുതൽ 90% വരെയാണ്. അതുകൊണ്ടുതന്നെ പാചകം വേഗത്തിൽ തീരുകയും ദീർഘകാലാടിസ്ഥാനത്തിൽ ഇത് പരമ്പരാഗത രീതികളേക്കാൾ സാമ്പത്തികമായി ലാഭകരമായി മാറുന്നു.
എല്ലാത്തരം പാത്രങ്ങളും ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കാൻ കഴിയില്ല
ഇൻഡക്ഷൻ അടുപ്പുകളിൽ കാന്തികഗുണമുള്ള പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നത് ശരിയാണ്. എന്നാൽ സാധാരണയായി ഉപയോഗിക്കുന്ന ഇരുമ്പ് പാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കാം. നിങ്ങളുടെ കൈവശമുള്ള പാത്രങ്ങൾക്ക് ഇൻഡക്ഷൻ അനുയോജ്യമാണോ എന്നറിയാൻ ഒരു ചെറിയ കാന്തം ഉപയോഗിച്ച് പരിശോധിച്ചാൽ മതിയാകും പാത്രത്തിന്റെ അടിവശത്ത് കാന്തം ഒട്ടിച്ചേരുന്നുണ്ടെങ്കിൽ അത് ഇൻഡക്ഷനിൽ ഉപയോഗിക്കാം.
വെള്ളം വീണാൽ എന്ത് സംഭവിക്കും?
പാചകം ചെയ്യുമ്പോൾ ഇൻഡക്ഷൻ അടുപ്പിൽ ചെറിയ അളവിൽ വെള്ളമോ ഭക്ഷണമോ വീണാൽ സാധാരണയായി വൈദ്യുതാഘാത സാധ്യതയില്ല. എന്നിരുന്നാലും, വലിയ അളവിൽ വെള്ളം യൂണിറ്റിനുള്ളിൽ കയറിയാൽ അത് ആന്തരിക സർക്യൂട്ടറിക്ക് കേടുപാടുകൾ വരുത്തുകയും ഉപകരണം തകരാറിലാവുകയും ചെയ്യും. അതിനാൽ അടുപ്പ് എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കണം.
വൈദ്യുതാഘാത സാധ്യതയുണ്ടോ?
ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുമ്പോൾ വൈദ്യുതാഘാതമേൽക്കുമെന്നാണ് പലരുടെയും പേടി. വാസ്തവത്തിൽ, മിക്ക ഇൻഡക്ഷൻ കുക്കറുകളുടെയും ഉപരിതലം ടെമ്പർഡ് ഗ്ലാസ് അല്ലെങ്കിൽ സെറാമിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇവ രണ്ടും വൈദ്യുതി കടത്തിവിടുന്നില്ല. പാചകം ചെയ്യുമ്പോൾ, പാത്രങ്ങൾ മാത്രമേ ചൂടാകൂ. അതുകൊണ്ട് തന്നെ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത കുറവാണ്.

0 Comments