കണ്ണൂര്‍: കേരളത്തിന്റെ ഭാവി മുന്നില്‍ കണ്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരില്‍ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. 40,000 കോടിയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും അടുത്തയാണ് ഇപ്പോൾ വികസനം ഉണ്ടാകുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ എടുത്താല്‍ കണ്ണൂര്‍ വിമാനത്താവളത്തിനടുത്താണ് കൂടുതല്‍ സ്ഥലമുള്ളത്. കേരളത്തിലെ ഭാവി മുന്നില്‍ കണ്ടാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ അതിനെ തെറ്റായി ചിത്രീകരിക്കുന്നു. സ്ഥലം ഏറ്റെടുത്തതില്‍ അഞ്ചിരട്ടി ചെലവാക്കി എന്ന് പറയുന്നു. ഇതിനെല്ലാം കടുത്ത വാക്കുകളില്‍ മറുപടി പറയേണ്ടതാണ്. കിഫ്ബിയുടെ മേശ വലിപ്പില്‍ നിന്നല്ല പണമെടുത്ത് നല്‍കുന്നത്,' എന്നും പിണറായി വിജയന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി സതീശന്‍ തെറ്റായ വാദം ഉയര്‍ത്തുമ്പോള്‍ ഇവിടുത്തെ നിഷ്പക്ഷ മാധ്യമങ്ങള്‍ എന്തെങ്കിലും ചോദിച്ചോ? അതാണ് ഇന്നത്തെ അവസ്ഥ. ഇക്കാര്യങ്ങൾ എല്ലാം സർക്കാരാണ് നോക്കുന്നത്. പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. സ്ഥലമുള്ളത് കൊണ്ടാണ് കണ്ണൂരില്‍ ഭൂമി ഏറ്റെടുത്തത്. കണ്ണൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് ഒരു പ്രത്യേക വിഷമമെന്നും പ്രതിപക്ഷ നേതാവ് ചോദ്യമുയര്‍ത്തി.
കണ്ണൂര്‍ കേരളത്തിന്റെ ഭാഗമല്ലേ? ഒരു സര്‍ക്കാരിന് ചേരാത്ത നിലയില്‍ ആരോപണങ്ങള്‍ ഉന്നയിക്കാൻ പാടുണ്ടോ? മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാട്ടില്‍ വികസനം നടപ്പാക്കിയില്ലേ? യുഡിഎഫ് സര്‍ക്കാര്‍ ആരെയെങ്കിലും ഒഴിവാക്കിയോ എന്നും പിണറായി വിജയന്‍ ചോദിച്ചു.
ഇന്നത്തെയോ നാളത്തെയോ കാര്യം മാത്രമല്ല സര്‍ക്കാര്‍ ചിന്തിക്കുക. അടുത്ത് വര്‍ഷത്തേക്ക് കൂടി ചിന്തിക്കും. സര്‍ക്കാരിന്റെ ആകെ കാര്യങ്ങള്‍ക്ക് ഉതകുന്ന സ്ഥലമാണ് എടുത്തുവെക്കുന്നത്. അതിനെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ താത്പര്യം അനുസരിച്ചായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും പിണറായി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരാജയം കനത്ത തോതില്‍ നേരിട്ടു. ആ സമയത്ത് വലതുപക്ഷം മതി മറന്ന് ആഘോഷിച്ചു. സിപിഎം തകരുകയാണെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ തങ്ങള്‍ വിജയത്തില്‍ മതി മറന്ന് ആഘോഷിക്കുകയോ പരാജയത്തില്‍ നിരാശയിലാവുകയോ ചെയ്യാറില്ല. തിരുത്തി പോകുന്നതിലാണ് ശ്രദ്ധ നല്‍കാറുള്ളത്. തിരിച്ചടി വലുതായിരുന്നുവെങ്കിലും എല്ലാം മറികടക്കാമെന്ന ആത്മവിശ്വാസമാണ് പാര്‍ട്ടിക്ക് ഉണ്ടായത്. അങ്ങനെ എഴുതി തള്ളാവുന്നതല്ലെന്നും എതിരാളികള്‍ക്ക് സമ്മതിക്കേണ്ടി വന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
കിഫ്ബി ആരോപണത്തില്‍ വിദഗ്ധ സമിതിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇവര്‍ക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ലെന്നും കണ്ണൂര്‍ പാകിസ്ഥാനിലാണോയെന്നും ബ്രിട്ടാസ് ചോദിച്ചു. മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞത് ആനമണ്ടത്തരമാണെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.

0 Comments