'മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയിട്ടില്ല'; തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം: കെ. സുധാകരന്‍

 



കണ്ണൂർ: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രചരിക്കപ്പെട്ട വ്യാജ പോസ്റ്റുകൾ ചേർത്താണ് അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഞാൻ പ്രസ്താവന നടത്തിയെന്ന തരത്തിൽ വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ്.


ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി, പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ച്, ബാധകമായ സൈബർ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

വ്യക്തിഹത്യയും വ്യാജവാർത്താ പ്രചാരണവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്. സത്യം പുറത്തുവരണം. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമം ശക്തമായി പ്രവർത്തിക്കണം' -പോസ്റ്റിന്റെ പൂർണരൂപം.

Post a Comment

0 Comments