തിരുവനന്തപുരം: കാര്‍ട്ടണ്‍ ഇന്ത്യ എംഡിയില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ പണം കൈപ്പറ്റിയതായി അവകാശപ്പെടുന്ന ശബ്ദ സന്ദേശവും സ്ക്രീന്‍ഷോട്ടുകളും പുറത്ത്. പി.പി ദിവ്യയുടെ സഹോദരനും ഡ്രൈവര്‍ക്കും പണം കൈമാറിയതായാണ് സ്ക്രീന്‍ഷോട്ടിലുള്ളത്.
എന്നാല്‍, കാര്‍ട്ടണ്‍ എംഡി ആസിഫില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും നിഷേധിച്ചിരിക്കുകയാണ്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ഷാജിറിനും പണം നൽകിയതായുള്ള സ്ക്രീന്‍ ഷോട്ടും പുറത്ത് വന്നിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മുന്‍ ഭാരവാഹികള്‍ പണം കൈപ്പറ്റിയതായും ആസിഫിന്‍റെതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലും ഉണ്ട്.
മുൻ പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍റെയും മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റൈയും പേരും പരാമര്‍ശിക്കുന്നുണ്ട്. ഷാനവാസ് പാദൂർ പണം ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇത് തന്റെ ശബ്ദമല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കാര്‍ട്ടണ്‍ ഇന്ത്യ എംഡി ആസിഫ് വിശദീകരിച്ചു.
അതേസമയം, ടെന്‍ഡര്‍ ഇല്ലാതെയാണ് കമ്പനിക്ക് നിർമാണ കരാറുകൾ ലഭിച്ചതെന്ന ആരോപണം കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് തള്ളിയിരുന്നു. നടപടി പാലിച്ചാണ് കരാര്‍ നേടിയതെന്നും ഇല്ലെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്നും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫ് പറഞ്ഞിരുന്നു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യക്കും കമ്പനിക്കുമെതിരായ പരാതിയില്‍ നിന്നും പിന്മാറാന്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് മറ്റൊരാള്‍ വഴി പണം ആവശ്യപ്പെട്ടുവെന്നും ആസിഫ് ആരോപിച്ചിരുന്നു. ഷമ്മാസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ടെന്‍ഡര്‍ നടപടികളില്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്ന പരാതിയിലാണ് ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. കരാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും ഇതില്‍ പരിശോധിക്കുമെന്നാണ് വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല.

0 Comments