ന്യൂഡൽഹി: എൻഎസ് യുഐ പ്രവർത്തകർക്ക് നേരെയുള്ള ഡൽഹി പൊലീസ് അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ഥലത്ത് നടന്നത് അമിത് ഷായുടെ പൊലീസിന്റെ നരനായാട്ടാണെന്നും ആരെയും വെറുതെ വിടില്ലെന്നും അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേരളത്തിലും രാജസ്ഥാനിലും കോടതികളിലും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാത്തികൊണ്ട് എല്ലുകൾ ഒടിക്കാമെങ്കിലും ജനങ്ങളുടെ സത്യാഗ്രഹ വീര്യത്തെ തകർക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിനായി പോരാടുന്ന രാജ്യത്തെ യുവതയ്ക്കൊപ്പം എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിനിടെയായിരുന്നു പ്രവർത്തകർക്ക് മർദനമേറ്റത്. ഡൽഹി പൊലീസിന്റെ മർദനത്തിൽ കേസെടുക്കാത്തതിൽ പരാതിക്കാരായ എൻഎസ്യുഐ പ്രവർത്തകർ ഇന്നലെ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയിരുന്നു. പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടാവുകയും പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.
24 മണിക്കൂറിനകം കേസെടുക്കുമെന്ന് ഇന്നലെ പരാതിക്കാർക്ക് ഉറപ്പുനൽകിയിരുന്നു. ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ വീണ്ടും സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചത്. സമാധാനപരമായ സമരത്തിനിടെയാണ് പൊലീസ് പ്രവർത്തകരെ വലിച്ചിഴച്ച് സംഘർഷം സൃഷ്ടിച്ചത്.
കൊണോട്ട് പ്ലേസിലെ മിന്നല് പ്രതിഷേധത്തിനിടെയായിരുന്നു ഡല്ഹി സര്വ്വകലാശാലയിലെ നിയമ വിദ്യാര്ഥി കൂടിയായ ആതിരെയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും ക്രൂരമായി മര്ദിക്കുന്നതും. വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്ദ്ദിച്ചുവെന്നാണ് പരാതി. ദേഹമാസകലം പരിക്കേറ്റ ആതിര ആശുപത്രിയില് ചികിത്സ തേടിയിരുന്നു

0 Comments