ബോളിവുഡിൽ വീണ്ടും ആശങ്ക; സൽമാൻ ഖാന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു

 



മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായതിന് പിന്നാലെ മുംബൈയിലുള്ള നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്തെ സുരക്ഷ ശക്തമാക്കി.

ജുഹുവിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന് പുറത്ത് വെച്ചാണ് ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ മൂന്ന് അക്രമികൾ വെടിയുതിർത്തത്. സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് അവകാശപ്പെട്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഒരാൾ രംഗത്ത് എത്തിയിട്ടുണ്ട്.

സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കുകയും ആ പ്രദേശത്തൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും മുംബൈ പൊലീസ് പരിശോധിക്കുന്നുമുണ്ട്. നേരത്തെ ഈ അപാര്‍ട്‌മെന്റിന് നേരെയും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

ജുഹുവിലെ സ്റ്റേഡിയത്തിൽ നിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിന്റെ കാറിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. സംഭവത്തിന് മണിക്കൂറുകൾക്കകം രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് മുംബൈ പൊലീസും ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സും ചേർന്ന് മൂന്ന് പ്രതികളെയും പിടികൂടി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ടൈഗർ ഷ്റോഫുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 1998 ലെ കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്ണോയ് ഗ്യാങ് നിരന്തരം ഭീഷണി മുഴക്കി വരികയായിരുന്നു. സൽമാനുമായി അടുപ്പമുള്ളവരെ ലക്ഷ്യമിട്ട് ഈ സംഘം നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവും എന്നാണ് കരുതപ്പെടുന്നത്.

Post a Comment

0 Comments