'ഈ രീതിയിലാണ് പോക്കെങ്കിൽ വിജയിക്ക് മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടി വരും'; വിജയിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി ഡിഎംകെ വനിതാ നേതാവ്




ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഡിഎംകെ വനിതാ നേതാവ്. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പലതവണ 'നായ' എന്ന് വിളിച്ചാണ് അധിക്ഷേപം. ചെന്നൈ മേയര്‍ പ്രിയ രാജനും എം.പി കനിമൊഴിയും വേദിയിലിരിക്കെയാണ് പ്രസംഗം. ഡിഎംകെ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയുടെ പൊതുവേദിയിലാണ് പരാമര്‍ശം. പിന്നാലെ, അധിക്ഷേപ പരാമർശം നടത്തിയ ഡിഎംകെ നേതാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടിവികെ സൈബര്‍ ഹാന്‍ഡിലുകളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ടിവികെ സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങളെല്ലാം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തിലാണ് ഡിഎംകെ നേതാവിന്റെ അധിക്ഷേപം. പ്രസംഗത്തിനിടെ ഇവര്‍ പലതവണ മുഖ്യമന്ത്രി വിജയിയെ 'നായ' എന്ന് വിളിക്കുന്നത് വീഡിയോകളില്‍ കാണാം. ഞങ്ങളുടെ സ്റ്റാലിന് 74 വയസുണ്ടെന്നും നിങ്ങളുടെ മുഖ്യമന്ത്രിക്ക് 54 വയസ് മാത്രമല്ലേയെന്നും, സ്റ്റാലിന്റെ അത്രയും അഴക് നിനക്കുണ്ടോയെന്നും അവര്‍ പറയുന്നുണ്ട്. അധിക്ഷേപ പരാമർശം കേട്ട് ചെന്നൈ മേയര്‍ പ്രിയ രാജന്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ച ഡിഎംകെ നേതാവിനെതിരെയും ചെന്നൈ മേയര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ടിവികെ സൈബര്‍ ഹാന്‍ഡിലുകള്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നും, ഇത്തരം അധിക്ഷേപ പരാമര്‍ശങ്ങള്‍ മാപ്പര്‍ഹിക്കാത്ത തെറ്റ് തന്നെയാണെന്നും നടപടി സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യങ്ങളുയരുന്നുണ്ട്.

Post a Comment

0 Comments