നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ





ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റൗസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വാദങ്ങള്‍ കോടതി ഒക്ടോബര്‍ 22ന് കേള്‍ക്കും.

കേസിലെ 14-ാം പ്രതി ശേഷ്‌റാവു ബജ്‌രംഗ് സൂര്യവശിക്കെതിരെയാണ് കുറ്റപത്രം. പ്രതി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. സര്‍വകലാശകളിലെ അധ്യാപകരില്‍ നിന്നടക്കം ഇയാള്‍ പണം നല്‍കി ചോദ്യപേപ്പര്‍ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ ശേഷ്‌റാവു സെപ്റ്റംബര്‍ രണ്ടിനാണ് അറസ്റ്റിലായത്. ഇയാൾ കേസിലെ മറ്റൊരു പ്രതിയായ ശുഭം ഖൈനാറിന്റെ അടുത്ത സഹായിയാണെന്നും സിബിഐ പറയുന്നു. ഇരുവരും പണത്തിന് പകരമായി ചോര്‍ന്ന ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കേസിലെ 13 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ജൂലൈ 28ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് അടങ്ങിയിരുന്നത്. ലാത്തൂരിലെ കോച്ചിങ് സെന്റര്‍ ഉടമയുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ചോര്‍ത്തി നല്‍കിയെന്നായിരുന്നു കണ്ടെത്തല്‍.

എന്‍ടിഎ പാനലിലെ കെമിസ്ട്രി വിദഗ്ധനായ പ്രഹ്‌ലാദ് കുല്‍ക്കര്‍ണിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ 'ഡീലക്‌സ് റൂമില്‍' മൂന്ന് ദിവസത്തോളം വിദ്യാര്‍ഥിക്ക് രഹസ്യ ക്ലാസുകള്‍ നല്‍കിയെന്നും ഇതിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതി നല്‍കിയെന്നും കണ്ടെത്തിയിരുന്നു.

കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിങ് സെന്റര്‍ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങള്‍ ലഭിച്ചത്. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റതായി വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു.

2026 മെയ് മൂന്നിനാണ് വിവാദമായ നീറ്റ് പരീക്ഷ നടന്നത്. മെയ് 12ന് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചെയ്തു. ശേഷം ജൂണ്‍ 21ന് എന്‍ടിഎ വീണ്ടും പരീക്ഷ നടത്തി.

എന്നാല്‍ പുനഃപരീക്ഷയും വിവാദങ്ങളില്‍ ഇടംപിടിച്ചതോടെ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ പ്രതിഷേധം ആരംഭിച്ചു. സമരം ശക്തമായതോടെ ജൂലൈ 25ന് പ്രധാന്‍ രാജിവെക്കുകയും ചെയ്തു.

Post a Comment

0 Comments