ഏഷ്യൻ പാരാ ഗെയിംസ്; വീൽചെയർ ബാഡ്മിന്റനിൽ ചരിത്ര മെഡൽ സ്വന്തമാക്കി മലയാളി താരം ആൽഫിയ ജെയിംസ്

 



നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം ആൽഫിയ ജെയിംസ്. വീൽ ചെയർ ബാഡ്മിന്റൺ ഡബിൾസിൽ കലുഷെഹല്ലിക്കൊപ്പം ചേർന്നാണ് ആൽഫിയ ഇന്ത്യക്കായി വെങ്കലമെഡൽ സ്വന്തമാക്കിയത്. വീൽ ചെയർ ബാഡ്മിന്റണിൽ ഇന്ത്യ കൈവരിക്കുന്ന ആദ്യ മെഡൽ നേട്ടമാണിത്. ടൂർണമെന്റിലുടനീളം മിന്നും ഫോം തുടർന്ന ഇന്ത്യൻ സഖ്യം, ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ചൈനയുടെ ലി ജിയാക്വി - ലി ഹോങ്യാൻ സഖ്യത്തെ അട്ടിമറിച്ചാണ് അവസാന നാലിലേക്ക് മുന്നേറിയത്. എന്നാൽ, സെമിഫൈനലിൽ ചൈനീസ് സഖ്യമായ സു ടിംഗ്ടിങ്, യാങ് ഫാൻ കൂട്ടുകെട്ടിനോട് പൊരുതി തോൽക്കുകയായിരുന്നു (സ്‌കോർ: 3-21, 9-21).

മൂവാറ്റുപുഴ പിറമാടം സ്വദേശിനിയായ ആൽഫിയ ജെയിംസ് കഠിനാദ്ധ്വാനത്തിലൂടെയാണ് വൻകാരപോരാട്ടത്തിലേക്ക് മുന്നേറിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മികച്ച ഒരു ബാസ്‌കറ്റ് ബോൾ താരമായി തിളങ്ങിനിൽക്കവെയാണ് ആൽഫിയയുടെ ജീവിതത്തെ മാറ്റിമറിച്ച അപകടം സംഭവിക്കുന്നത്. 17ാം വയസ്സിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് കാൽതെറ്റി വീഴുകയായിരുന്നു. തുടർന്ന് ദീർഘകാലത്തെ പരിശീലനത്തിന് ശേഷമാണ് ആൽഫിയ മടങ്ങിയെത്തിയത്. പവർ ലിഫ്റ്റിങിൽ ശ്രദ്ധ കേന്ദ്രീകരിച്ച താരം, വീൽചെയർ വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലും പവർലിഫ്റ്റിംഗിൽ മെഡലുകൾ സ്വന്തമാക്കി.

തുടർന്ന് പാരാലിംപിക്സ് അടക്കമുള്ള വലിയ വേദികളിൽ രാജ്യത്തിനായി കളത്തിലിറങ്ങണമെന്ന വലിയ ലക്ഷ്യത്തോടെയാണ് വീൽചെയർ ബാഡ്മിന്റണിലേക്ക് തിരിയുന്നത്. ‌ ബാഡ്മിന്റണിൽ പ്രവേശനം നേടി ചുരുങ്ങിയ കാലംകൊണ്ട് ദേശീയ ചാമ്പ്യനെ അട്ടിമറിച്ച് കിരീടം ചൂടിയ ആൽഫിയ, തുടർച്ചയായി രണ്ടുതവണ നാഷണൽ ലെവലി‍ൽ ശ്രദ്ധിക്കപ്പെട്ടു. ദൈവം തന്ന രണ്ടാം ജന്മമായാണ് ഈ നേട്ടത്തെ കാണുന്നതെന്നും, വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകാൻ ഈ വിജയം ഊർജം പകരുന്നുണ്ടെന്നും മത്സരശേഷം ആൽഫിയ പ്രതികരിച്ചു

Post a Comment

0 Comments