തിരുവനന്തപുരം: കുട്ടികളോട് ഇത്ര വാത്സല്യത്തോടെ ഇടപഴകുന്നത് എങ്ങനെയെന്നും കുട്ടികളെ ഇത്ര ശ്രദ്ധിക്കുന്നത് എന്തുകൊണ്ടെന്നും പലരും തന്നോട് ചോദിക്കാറുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. താന്‍ കുട്ടികളോട് നന്നായി ഇടപെടാറുണ്ട്. സംസാരിക്കാറുണ്ട്. കുട്ടികള്‍ക്ക് അവരുടേതായ ഭാഷയും വൊക്കാബുലറിയുമുണ്ട്. അത് തനിക്ക് അറിയാം. അവരുടെ ഭാഷയില്‍ സംസാരിക്കാനറിയാമെന്നും മുഖ്യമന്ത്രി ഒരു ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: 'എന്നോട് എല്ലാവരും ചോദിക്കും, എന്താണ് കുട്ടികളെ ഇത്ര താല്‍പ്പര്യം, കുട്ടികളെ ഇത്ര ശ്രദ്ധിക്കുന്നത് എന്താണെന്ന്? അപ്പോ ഞാന്‍ പറയും, എന്റെ ചെറുപ്പത്തില്‍ നമ്മള്‍ വലിയ ആളുകള്‍ സംസാരിക്കുന്ന സ്ഥലത്ത് ചെന്നാല്‍, 'നിനക്കെന്താ ഇവിടെ കാര്യം?' എന്ന് പറയാറുണ്ടായിരുന്നു. അത് തോന്നുമായിരുന്നു. അന്ന് കുട്ടികളെ കണ്ടാല്‍ മുതിര്‍ന്ന ആളുകള്‍ 'ഇങ്ങോട്ട് വാടാ' എന്നൊക്കെ പറയും. ഒരു വാത്സല്യത്തിലോ സ്‌നേഹത്തിലോ സംസാരിക്കില്ലായിരുന്നു. എനിക്കത് ഭയങ്കരമായിട്ട് ഫീല്‍ ചെയ്തിട്ടുണ്ട് എന്റെ ചെറുപ്പത്തില്‍. ഇതെന്തൊരു ഏര്‍പ്പാടാ ഇവരെയെല്ലാം ചെയ്യുന്നത്? അങ്ങനെയാണോ നമ്മളോട് പെരുമാറേണ്ടത്? നമ്മളെ ഒന്ന് ചേര്‍ത്തു നിര്‍ത്തിയാല്‍ എന്താണ്? ഒന്ന് സ്‌നേഹിച്ചാല്‍ എന്താണ്? നല്ല വാചകം പറഞ്ഞാല്‍ എന്താണ്? അവര്‍ സംസാരിക്കുന്നതിന്റെ കൂട്ടത്തില്‍ ഒരു തമാശയില്‍ കൂടി നമ്മളെ കൂടെ പങ്കാളിയാക്കിയാല്‍ എന്താണ് കുഴപ്പം? എന്റെ മനസ്സില്‍ ഈ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ കുട്ടികളോട് നന്നായിട്ട് ഇടപഴകാറുണ്ട്. നന്നായിട്ട് അവരോട് സംസാരിക്കാറുണ്ട്.
അവരുമായിട്ട് ഇന്ററാക്ട് ചെയ്യാറുണ്ട്. അവരുടെ വേറെ ഒരു ഭാഷയുണ്ട്. അവരുടെ വൊക്കാബുലറി വേറെയാണ്. എനിക്ക് അവരുടെ വൊക്കാബുലറിയൊക്കെ നന്നായിട്ടറിയാം. അവര്‍ ഉപയോഗിക്കുന്ന ഭാഷ അറിയാം. ഞാന്‍ അവരോട് ആ ഭാഷയില്‍ സംസാരിക്കാറുണ്ട്. അപ്പോള്‍ അവരുമായിട്ട് കുറച്ചു കൂടി കൂടുതല്‍ അടുക്കാന്‍ പറ്റും. നമ്മുടെ വൊക്കാബുലറി അല്ല അവരുടെ വൊക്കാബുലറി. നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളല്ല അവര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് പഴയതുപോലെ പറ്റില്ല. നമ്മള്‍ ആ ഇരുമ്പുലക്കയിന്‍മേല്‍ പിടിച്ചുകൊണ്ട് നില്‍ക്കുകയാണ്. അതൊന്നുമല്ല. മാറി, നാട് മാറി, കാലം മാറി.' -മുഖ്യമന്ത്രി പറഞ്ഞു.

0 Comments