പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിന്റെ പരാതിയിൽ അടൂർ പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു പരാതി.
രാഹുൽ മാങ്കൂട്ടത്തിലിനെ കെ.പി ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഉദയഭാനു പൊലീസിൽ പരാതി നൽകിയത്.
തന്റെ വ്യക്തിജീവിതത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് കെ.പി ഉദയഭാനു പ്രതികരിച്ചു. 1979ൽ താൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ശ്രീനാദേവി ജനിച്ചിട്ടുപോലുമില്ലെന്നും അന്നത്തെ കാര്യങ്ങൾ നേരിട്ടറിയാമെന്ന തരത്തിൽ അവർ പറയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
തന്റെ പൊതുജീവിതവും വ്യക്തിജീവിതവും നാട്ടിലെ എല്ലാവർക്കും അറിയാമെന്നും ഉദയഭാനു പറഞ്ഞു. വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിശോധിക്കുന്ന പാർട്ടിയാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചതിലൂടെ ശ്രീനാദേവിക്ക് ഒരു ജീവിതം ഉണ്ടാകുന്നെങ്കിൽ അതുണ്ടാകട്ടെയെന്നും അതാണ് തന്റെ ആഗ്രഹമെന്നും ഉദയഭാനു പ്രതികരിച്ചു. മോശക്കാരെ പിന്തുണയ്ക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട പരാതിയിൽ അടൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

0 Comments