തിരുവനന്തപുരം: സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിൽ നാളെ നിർണായക യോഗം ചേരും. രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. 23 തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. തൊഴിൽ മന്ത്രിയും ലേബർ കമ്മീഷണറും ചർച്ചയുടെ ഭാഗമാകും.
ലേബർ കോഡ് നടപ്പാക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥകളിൽ തൊഴിലാളി സംഘടനകൾക്കുള്ള ആശങ്കകളും എതിർപ്പുകളും പരിഹരിച്ചശേഷം മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് സർക്കാർ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും ലേബർ കോഡ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു
ലേബർ കോഡിലെ ചില വ്യവസ്ഥകൾ തൊഴിലാളിവിരുദ്ധമാണെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കിയോ ആവശ്യമായ മാറ്റങ്ങൾ വരുത്തിയോ എങ്ങനെ കോഡ് നടപ്പാക്കാമെന്ന കാര്യമാണ് നാളത്തെ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. അതേസമയം, ലേബർ കോഡ് നടപ്പാക്കരുതെന്നും പകരം സംസ്ഥാനത്ത് പ്രത്യേക നിയമനിർമാണം നടത്തണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം.
ലേബർ കോഡുമായി ബന്ധപ്പെട്ട് മുൻ സർക്കാർ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാൽ ഗൗഡയുടെ അധ്യക്ഷതയിൽ നിയോഗിച്ച കമ്മീഷൻ മാർച്ചിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാരണം റിപ്പോർട്ടിലെ ശുപാർശകളിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് വിവരം.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി റിപ്പോർട്ടിലെ ശുപാർശകൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിയമനിർമാണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നു.

0 Comments