മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന് പ്രിൻസിപ്പൽ

 

കൽപ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. പ്രാദേശിക രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിച്ചു. കുടുംബത്തിന് വലിയ പ്രയാസം ഉണ്ടാക്കിയെന്നും കുടുംബത്തിന്‍റെ വേദനയ്ക്ക് ആര് മറുപടി പറയുമെന്നും പ്രിൻസിപ്പൽ ചോദിക്കുന്നു.

അനാവശ്യമായി പ്രശ്നം ഉണ്ടാക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷിവി കൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവർ ആരും ഇതുവരെ ഒരു പരാതി പോലും നൽകിയിട്ടില്ല. പിടിഎ പ്രസിഡന്‍റ് മദ്യപിച്ചു എന്ന് പറയാനാകില്ല. കുട്ടികൾ ആക്ഷേപം ഉന്നയിച്ചപ്പോൾ നടപടി എടുത്തതാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് താൻ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാനാണ് ശ്രമിച്ചതെന്നും പ്രിൻസിപ്പൽ.

കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായി. എങ്കിലും താൻ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ലെന്നും അവർക്ക് അത്രയേ അറിവുള്ളൂവെന്നും പ്രിൻസിപ്പൽ പറഞ്ഞു. പരാതികൾ ഒന്നുമില്ലാത്തതിനാൽ താൻ യാതൊരുവിധ പരിശോധനകൾക്കും വിധേയനാകാൻ ബാധ്യസ്ഥനല്ല. സത്യസന്ധത തെളിയിക്കാനാണ് വന്നത്. എന്നാൽ ഇന്നലെ വന്നവരിൽ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്ന് അ​ദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നതെന്നും ഇതിനു പിന്നിൽ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികളും ഇപ്പോൾ വലിയ പ്രയാസത്തിലാണ്. തനിക്കെതിരെ നടന്ന ഈ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments