പുൽപ്പള്ളി : ടൗണിന്റെ തിരക്കുള്ള ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിൽ തെരുവോര കച്ചവടത്തിന് അനുമതി നൽകരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് ഭരണസമിതി ആവശ്യപ്പെട്ടു. പുൽപ്പള്ളി ടൗണിൽ സെക്യൂരിറ്റിയും വാടകയും നൽകി, ആവശ്യമായ എല്ലാവിധ ലൈസൻസുകളും, ഹെൽത്ത് കാർഡുകളും മറ്റും എടുത്ത്,സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നികുതികളുമടച്ച്, വൈദ്യുതി ചാർജ്ജും നൽകി കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ തന്നെ തെരുവോര കച്ചവടത്തിന് അനുമതി നൽകിയാൽ അത് ചെറുകിട- ഇടത്തരം കച്ചവടക്കാരുടെയും,പഴം പച്ചക്കറി വ്യാപാരികളുടേയും നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതും, ടൗണിൽ ഗതാഗത കുരുക്കുകൾക്ക് ഇടവരുത്തുന്നതുമാണ്. പുൽപ്പള്ളി ടൗണിന്റെ
പല ഭാഗങ്ങളിലും തെരുവോര കച്ചവടം നിരോധിച്ചതായി പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡുകളെ നോക്കു കുത്തികളാക്കിക്കൊണ്ട് വീണ്ടും തെരുവോര കച്ചവടത്തിന് അനുമതി നൽകുന്നതിൽ വ്യാപാരികൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. നമ്മുടെ നാട്ടിൽ അന്നന്നത്തെ ഉപജീവനത്തിനായി കച്ചവടം ചെയ്യുന്ന ചെറുകിട - ഇടത്തരം വ്യാപാരസ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ടൗണിന്റെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കി തെരുവോര കച്ചവടം ചെയ്യുന്നതിന് വ്യാപാരി സമൂഹം എതിരല്ല. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി,ബഹു.ജില്ലാ കളക്ടർ, RTO, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് പിഡബ്ല്യൂ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ട്.
ആയതിനാൽ ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ നിന്ന് ഒഴിവാക്കി തിരക്ക് കുറഞ്ഞ ഭാഗങ്ങളിലോ, ടൗണിൽ തന്നെ പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലത്തോ,മറ്റ് ഏതെങ്കിലും പ്രത്യേക ഏരിയയോ കണ്ടെത്തിയോ തെരുവോര കച്ചവടക്കാരെ നിയമപ്രകാരം നിലനിർത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി അജിമോൻ കെ.എസ് സ്വാഗതമാശംസിച്ച യോഗത്തിൽ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ഷാജിമോൻ പി.എ,ജോസ് കുന്നത്ത്,പി.എം.പൈലി,കെ. ജോസഫ്,ഇ.കെ.മുഹമ്മദ്,ബാബു രാജേഷ്, സജി വർഗീസ്, കെ.വി.റഫീഖ്, വേണുഗോപാൽ, പ്രഭാകരൻ, പ്രസന്നകുമാർ, എം.വി.ബാബു എന്നിവർ പ്രസംഗിച്ചു.
%20(1).jpg)
0 Comments