വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കും, എണ്ണം കുറയ്ക്കും; പിഎസ്‌സിയെ ഉടച്ചുവാർക്കാനൊരുങ്ങി സർക്കാർ

 



തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനം ഉടച്ചുവാർക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പിഎസ്സി അംഗങ്ങളായി വരുന്നവർക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യത ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. അംഗങ്ങളുടെ എണ്ണം കുറക്കണമെന്നും പൊതുഭരണവകുപ്പിന് അഭിപ്രായമുണ്ട്. നിലവിലെ വിവാദങ്ങളുടെയും സുപ്രിംകോടതി നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് പൊതുഭരണവകുപ്പിന്റെ നീക്കം.

നിലവിൽ പിഎസ്സി അംഗങ്ങളാകുന്നവർക്ക് വ്യക്തമായ വിദ്യാഭ്യാസ യോഗ്യത നിബന്ധനകളില്ല. ഇത് മാറ്റി, യോഗ്യതയുള്ളവർ മാത്രം അംഗങ്ങളായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. നിലവിൽ 21 അംഗങ്ങളുള്ള കേരള പിഎസ്സിക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ കമ്മീഷനുകളെ അപേക്ഷിച്ച് അംഗസംഖ്യ കൂടുതലാണ്. ഇത് കുറച്ച് അംഗബലം പരിമിതപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.പൊതുഭരണ വകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച വിശദമായ നിർദ്ദേശങ്ങൾ തയ്യാറാക്കി വരികയാണ്. ഈ ഫയൽ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തും. തുടർന്ന് അന്തിമ തീരുമാനമുണ്ടാകും.

അതേസമയം, പിഎസ്‌സി നിയമന ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി പ്രതിചേർത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അഡീഷണൽ സെക്രട്ടറി ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരെയാണ് പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇരുവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രണ്ടുപേർക്കും ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നാല് അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ചെയർമാന്റെ ചോദ്യം ചെയ്യൽ പിന്നീടായിരിക്കും

Post a Comment

0 Comments