ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; ഡൽഹിയിൽ നാളെ തിരംഗ മാർച്ച്

 



ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം ആളിക്കത്തുന്നു. വിദ്യാർഥി യുവജന സംഘടനകളുടെ മിന്നൽ സമരം തുടരുന്നതിനിടെ, പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ ജന്തർമന്തറിലേക്ക് വ്യാപിപ്പിക്കാനാണ് ഇടത് സംഘടനകളുടെയും മറ്റു പ്രതിപക്ഷ പാർട്ടികളുടേയും തീരുമാനം.

ഇതിനിടെ, നാളെ വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസിലെ സെൻ്റർ പാർക്കിൽ 'തിരംഗ മാർച്ച്' നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു. എല്ലാവരും ദേശീയപതാകയുമായി എത്തിച്ചേരണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ അഭ്യർഥിച്ചു. വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജന്തർമന്തറിൽ ദേശീയപതാകയേന്തി സമരം ചെയ്തതിന് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനമാവശ്യപ്പെട്ടുമാണ് മാർച്ച്. തുടർപ്രക്ഷോഭ പരിപാടികളും ഭാവി നയങ്ങളും പ്രഖ്യാപിക്കുന്നതിനായി സിജെപി നേതാവ് അഭിജീത് ദീപ്കെ, പ്രകാശ് രാജ്, നേഹാ ബോറ, കപിൽ സിബൽ തുടങ്ങിയവർ ഇന്ന് സംയുക്ത വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Post a Comment

0 Comments