'അവളുടെ പ്രസവം നിര്‍ത്തണം മേഡം...'; കാര്‍ത്തികപ്പള്ളി രണ്ട് വയസുകാരന്റെ മരണത്തില്‍ അമ്മയ്‌ക്കെതിരെ നാട്ടുകാര്‍

 



ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കുട്ടിയുടെ വയറ്റിൽ ഒന്നുമില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരു അമ്മയെന്ന നിലയിൽ സഹിക്കാനാവാത്ത കാര്യമാണ്. മാതാപിതാക്കൾ മക്കളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് വിശ്വസിക്കാമെങ്കിലും ഈ അനുഭവം നമ്മളെ പഠിപ്പിക്കുന്നത് അതല്ല. കുട്ടികളെ വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്നും അമ്മയ്ക്ക് ആവശ്യമായ കൗൺസിലിംഗും സഹായങ്ങളും നൽകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം രണ്ട് വയസുകാരന്റെ മരണത്തില്‍ രാജേഷിനും താരയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നാട്ടുകാരും പൊതുപ്രവര്‍ത്തരും ഉന്നയിക്കുന്നത്. ദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ട് പേര്‍ പട്ടിണി കിടന്നാണ് മരിച്ചതെന്ന് നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. കുട്ടികള്‍ക്ക് താരയും രാജേഷും മതിയായ ഭക്ഷണം നല്‍കാറില്ലായിരുന്നു. വിശന്നിരിക്കുന്ന കുട്ടികളെ കണ്ട് അയല്‍പക്കക്കാരാണ് പലപ്പോഴും അവര്‍ക്ക് ആഹാരം നല്‍കിയിരുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അങ്കണവാടികള്‍ വഴി ധാരാളം പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഈ ആഹാരം കിട്ടിയിരുന്നു. എന്നാല്‍ ഇവ മക്കള്‍ക്ക് കൊടുക്കാതെ മാതാപിതാക്കളാണ് കഴിച്ചിരുന്നതെന്നും പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

മലിനമായ അന്തരീക്ഷത്തില്‍ പൊടിയും അഴുക്കും നിറഞ്ഞ ചുറ്റുപാടിലാണ് കൈക്കുഞ്ഞ് അടക്കമുള്ള കുട്ടികള്‍ കഴിഞ്ഞിരുന്നത്. വാതില്‍ എന്ന് പറയാന്‍ ഒന്നുമില്ല. കിടക്കയെല്ലാം വൃത്തിഹീനമായി കിടക്കുകയാണ്. ഇവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്‍കാന്‍ ശ്രമിച്ചെങ്കിലും വസ്തു തര്‍ക്കം തടസമായി. കുട്ടികളുടെ അച്ഛന്റെ അമ്മയും മക്കളുമായുള്ള കേസും മൂത്ത സഹോദരന്റെ ഭാര്യയുമായി ബന്ധപ്പെട്ട കേസുകളുമാണ് വീട് നിര്‍മാണത്തിന് തടസമായതെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

ഇവരുടെ ജീവിതാവസ്ഥ കണ്ട് പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് കുട്ടികളെ ഗാന്ധിഭവനില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവിടെച്ചെന്ന് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മ കുട്ടികളെ തിരികെ കൊണ്ടുവരികയായിരുന്നുവെന്ന് നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. ഒക്ടോബര്‍ ആറിന് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ആശാ വര്‍ക്കര്‍മാര്‍, ഡോക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പൂര്‍ണ ഗര്‍ഭിണിയായിരുന്ന കുട്ടിയുടെ അമ്മ സ്വന്തം വയറ്റിലടിച്ച് കുഞ്ഞിനെ കൊല്ലുമെന്നും താനും ചാകുമെന്നും പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കിയതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് പിന്തിരിയേണ്ടി വന്നു.

കുട്ടികളെ നന്നായി വളര്‍ത്താന്‍ സാധിക്കാത്തതുകൊണ്ട് പ്രസവം നിര്‍ത്തണമെന്ന് പൊതുപ്രവര്‍ത്തകര്‍ താരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസവം നിര്‍ത്തില്ലെന്ന വാശിയിലായിരുന്നു അവര്‍. യുവതിയുടെ സമ്മതമില്ലാതെ പ്രസവം നിര്‍ത്താന്‍ കഴിയില്ലെന്ന് ഡോക്ടറും പറഞ്ഞതോടെ തങ്ങള്‍ മടങ്ങുകയായിരുന്നെന്നും നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു.

സ്വന്തം കുട്ടികളെ സ്‌കൂളില്‍ വിടാനോ കുളിപ്പിക്കാനോ ഭക്ഷണം കഴിപ്പിക്കാനോ പോലും യുവതി തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒമ്പത് വയസ് മാത്രം പ്രായമുള്ള മൂത്ത കുട്ടിയെക്കൊണ്ടാണ് ഇളയ കുട്ടികളുടെ കാര്യങ്ങള്‍ ചെയ്യിപ്പിച്ചിരുന്നതെന്നും പൊതുപ്രവർത്തകർ മന്ത്രിയോട് പറഞ്ഞു. പൊതുപ്രവര്‍ത്തരും ആശാവര്‍ക്കര്‍മാരും അങ്കണവാടി അധ്യാപകരും ഇടപെട്ട് കുട്ടികളെ സ്‌കൂളിലാക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പാടാക്കിയെങ്കിലും മാതാപിതാക്കള്‍ എതിര്‍ത്തു.

താരയുടെ സമ്മതമില്ലാതെ തന്നെ അവരുടെ പ്രസവം നിര്‍ത്തണമെന്നും കുഞ്ഞുങ്ങളെ ഒരു കാരണവശാലും മാതാപിതാക്കള്‍ക്ക് കൊടുക്കരുതെന്നുമാണ് നാട്ടുകാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് രാജേഷ്-താര ദമ്പതികളുടെ രണ്ട് വയസുള്ള ആണ്‍കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. മറ്റൊരു ആണ്‍കുട്ടിയും മുമ്പ് സമാനരീതിയില്‍ മരിച്ചിട്ടുണ്ട്. നിലവില്‍ നാല് പെണ്‍കുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തിരിക്കുകയാണ്. അമ്മയും ഏഴാമത്തെ ആണ്‍കുട്ടിയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്

Post a Comment

0 Comments