കിഫ്ബി ഭൂമി ഇടപാട്; വിജിലന്‍സ് അന്വേഷിക്കും




 തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി ഭൂമി ഏറ്റെടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിട്ടു. ഇതോടൊപ്പം, മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം 35 ശതമാനം വര്‍ധിപ്പിക്കാനുള്ള ബില്ലിനും മന്ത്രിസഭ അനുമതി നല്‍കി. ബില്‍ നാളെ നിയമസഭ പരിഗണിക്കും. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വീഴ്ചയാണ് പ്രധാനമായും വിജിലന്‍സ് അന്വേഷിക്കുക. ധനകാര്യവകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയായിരിക്കും അന്വേഷണം.

കണ്ണൂരില്‍ കിന്‍ഫ്രയ്ക്കായി കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതായി വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. 2018 ഒക്ടോബറില്‍ ചേര്‍ന്ന കിഫ്ബിയുടെ 33-ാമത് ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്.

വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുക നല്‍കി ഭൂമി വാങ്ങിയെന്നും ഏറ്റെടുത്ത ഭൂമിയില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും വിമര്‍ശനമുണ്ട്. ഭൂമി ഏറ്റെടുക്കലിന് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ ചിലര്‍ ഭൂമി വാങ്ങിയതിന് പിന്നില്‍ സിപിഎം നേതാക്കള്‍ക്കോ ബിനാമികള്‍ക്കോ ബന്ധമുണ്ടോയെന്ന സംശയവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകള്‍, നല്‍കിയ വില, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മന്ത്രി സഭ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

0 Comments