തിയേറ്ററുകളിലെത്തി വെറും 12 ദിവസങ്ങൾ കൊണ്ട് 700 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് തലൈവരുടെ ജയിലർ 2. എസ്.എസ് രാജമൗലിയുടെ പാന്‍ ഇന്ത്യന്‍ ഹിറ്റ് ബാഹുബലി 2 വിനേയും കടത്തിവെട്ടിരിക്കുകയാണ് തലൈവരുടെ ജയിലർ 2. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായാണ് ചിത്രം എത്തിയത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 470 കോടി കടന്നു കഴിഞ്ഞു. തിയേറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നതിനിടെ ഏത് ഒടിടി പ്ലാറ്റ്ഫോമിൽ കാണാൻ സാധിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ, സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെക്കുറിച്ചോ തീയതിയോ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എപ്പോൾ, എവിടെ കാണാം ജയിലർ 2 ?
തിയേറ്റർ പ്രദർശനത്തിന് ശേഷം 'ജയിലർ 2' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, നവംബർ 12ന് ഒടിടിയിൽ എത്തിയേക്കാം. എന്നാൽ ഇതിനെക്കുറിച്ച് നിർമ്മാതാക്കളിൽ നിന്ന് ഇതുവരെ വിവരങ്ങൾ കിട്ടിയിട്ടില്ല.
ട്രേഡ് ട്രാക്കിങ് വെബ്സൈറ്റിന്റെ കണക്കനുസരിച്ച്, തിങ്കളാഴ്ച (12-ാം ദിവസം) ഇന്ത്യയിലെ 10,450 ഷോകളിൽ നിന്നായി ചിത്രം 9.45 കോടിയാണ് ചിത്രം നെറ്റ് കളക്ഷൻ നേടിയിരിക്കുന്നത്. ഇതുവരെ 733.35 കോടിയാണ് കിട്ടിയത്. ബ്ലോക്ക്ബസ്റ്റർ വിജയമായ ജയിലറിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറുമുണ്ട്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ എന്നിവരാണ് പ്രധാന വേഷങ്ങളിലായി എത്തുന്നത്.
ഹൃതിക് റോഷൻ, ജാക്കി ഷ്രോഫ്, മോഹൻലാൽ എന്നിവരുടെ അതിഥി വേഷങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. രചന, സംവിധാനം നെൽസണാണ്. കലാനിധി മാരന്റേതാണ് നിർമ്മാണം, സൺ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയത്. ആർ. നിർമ്മലാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

0 Comments