'പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാൽ നോക്കിയിരിക്കില്ല': കണ്ണൂരിന് പിന്നാലെ പാലക്കാടും ഷാഫി പറമ്പിലിന് അനുകൂല ഫ്ലെക്സുകൾ




പാലക്കാട്: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വാഗ്‌വാദങ്ങളും തുടരുന്നതിനിടെ കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഷാഫി പറമ്പിലിന് പിന്തുണയുമായി ഫ്ലെക്സ് ബോർഡുകൾ. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡ് സമീപത്ത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു എന്നിവയുടെ പേരിലാണ് ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.'പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി', 'നോവിച്ചാൽ നോക്കിയിരിക്കില്ല' തുടങ്ങിയ വാചകങ്ങളാണ് ബോർഡുകളിലുള്ളത്.

കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ പേരിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 'കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്ന വാചകത്തോടെയാണ് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഒരു വിഭാഗം യുവ എംഎൽഎമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതിനിടെ, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടി നേതൃത്വം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്

Post a Comment

0 Comments