പാക് ഉള്ളടക്കങ്ങള്‍ ഇന്ത്യയില്‍ വേണ്ട; നെറ്റ്ഫ്ലിക്സിനോട് കേന്ദ്ര സര്‍ക്കാര്‍

 



ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നുള്ള സിനിമ, വെബ് സീരീസുകള്‍ ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നെറ്റ്ഫ്ലിക്സിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാക് സീരീസായ 'ജോ ബച്ചേ ഹേന്‍ സംഗ് സമേത് ലോ' ഇന്ത്യയില്‍ റിലീസ് ചെയ്‌തേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി.


ഇന്ത്യയില്‍ പാക് നിര്‍മ്മിത ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 2025 മെയ് എട്ടിന് പുറപ്പെടുവിച്ച നിര്‍ദ്ദേശം പാലിക്കണമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് നിര്‍ദ്ദേശിച്ചു. പാകിസ്താനില്‍ നിര്‍മ്മിച്ച സിനിമയോ പരമ്പരയോ ഇന്ത്യന്‍ വരിക്കാര്‍ക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് ജൂണില്‍ നെറ്റ്ഫ്ലിക്‌സ് നല്‍കിയ ഉറപ്പ് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. ആ നിലപാട് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

'ജോ ബച്ചേ ഹേന്‍ സംഗ് സമേത് ലോ' പരമ്പരയുടെ ട്രെയിലര്‍ ചൊവ്വാഴ്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ഡിസംബര്‍ നാലിന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള പരമ്പര ഇന്ത്യയില്‍ ലഭ്യമാകുമോ, അതോ പാകിസ്ഥാനിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും മാത്രമായിരിക്കുമോ ലഭ്യമാവുക എന്നത് സംബന്ധിച്ച് നെറ്റ്ഫ്ലിക്‌സ് വ്യക്തത വരുത്തിയിട്ടില്ല.

'ജോ ബച്ചേ ഹെയിന്‍ സംഗ് സമേത് ലോ' റിലീസിന് മുന്‍പ് തന്നെ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുിട്ടുണ്ട്. സീരീസ് നീക്കം ചെയ്തില്ലെങ്കില്‍ നെറ്റ്ഫ്ലിക്‌സ് ഓഫീസിന് മുന്നില്‍ ഘെരാവോ നടത്തുമെന്നും രാജ്യവ്യാപകമായി ബഹിഷ്‌കരണ കാമ്പെയ്ന്‍ ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments