ന്യൂഡൽഹി: വരാനിരിക്കുന്ന എസിസി പുരുഷ റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യ 'എ' ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരം തിലക് വർമ്മയാണ് നായകൻ. രജത് പാട്ടിദാർ ഉപനായകനായുള്ള സ്ക്വാഡിൽ അന്താരാഷ്ട്ര പരിചയസമ്പത്തുള്ള താരങ്ങളും ആഭ്യന്തര ക്രിക്കറ്റിലെ തിളങ്ങുന്ന പ്രതിഭകളും ഇടംനേടി. നിലവിൽ ടി20യിലെ വെടിക്കെട്ട് ഓപ്പണർമാരായ അഭിഷേക് ശർമയും വൈഭവ് സൂര്യവൻഷിയും ടീമിൽ ഇടംപിടിച്ചു. വിക്കറ്റ് കീപ്പർമാരായി പ്രഭ്സിമ്രാൻ സിങിനേയും കുമാർ കുശാഗ്രയേയുമാണ് തെരഞ്ഞെടുത്തത്. സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിച്ചില്ല
ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെയാണ് ടൂർണമെന്റ് നടക്കുക. ഗ്രൂപ്പ് ബിയിൽ ഇന്ത്യ 'എ' ടീമിനൊപ്പം യുഎഇ, നേപ്പാൾ, പാകിസ്താൻ 'എ' എന്നീ ടീമുകൾ ഇടംപിടിച്ചിരിക്കുന്നു. ബംഗ്ലാദേശ് എ, ശ്രീലങ്ക എ, അഫ്ഗാനിസ്താൻ എ, ഹോങ്കോങ് ചൈന എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ നവംബർ 26, 27 തീയതികളിൽ നടക്കുന്ന സെമിഫൈനലുകളിലേക്ക് മുന്നേറും. നവംബർ 29 ഞായറാഴ്ചയാണ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്.
തിലക് വർമ്മ (ക്യാപ്റ്റൻ), രജത് പാട്ടിദാർ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവൻഷി, പ്രഭ്സിമ്രൻ സിങ്(വിക്കറ്റ് കീപ്പർ), റിങ്കു സിങ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), സുയാൻഷ് ഷെഡ്ജെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷ് ദുബെ, തനുഷ് കൊടിയാൻ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷദ് ഖാൻ.

0 Comments