തിരുവനന്തപുരം: സംസ്ഥാനത്ത് 35 ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി സർക്കാർ. കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷ് ചുമതലയേൽക്കും. ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് മുഹമ്മദ് ഹനീഷ്. ശർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പിൽ നിന്ന് മാറ്റി വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതല നൽകി. കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലമാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി.
ആരോഗ്യവകുപ്പിൽ മൂന്നാമത്തെ സെക്രട്ടറി
ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ മാറ്റമാണ് പുതിയ നിയമനങ്ങളിൽ ശ്രദ്ധേയം. നേരത്തെ ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. റീനയെ മാറ്റിയതിനു പിന്നാലെയാണ് ശർമിള മേരി ജോസഫിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ആദ്യം താൽക്കാലിക ചുമതല നൽകിയശേഷമാണ് ശർമിള മേരി ജോസഫിനെ സെക്രട്ടറിയായി നിയമിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ നേരത്തെയും ചർച്ചയായിരുന്നു. ഇപ്പോൾ ശർമിള മേരി ജോസഫിനെ മാറ്റി മുഹമ്മദ് ഹനീഷിനെ നിയമിച്ചതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി സ്ഥാനത്ത് വീണ്ടും മാറ്റമുണ്ടായി.
തദ്ദേശ വകുപ്പിലും നിർണായക മാറ്റം
തദ്ദേശ സ്വയംഭരണ വകുപ്പിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്. വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ധനകാര്യ വകുപ്പിലേക്ക് മാറ്റി. തദ്ദേശ വകുപ്പിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അനുപമയും ദിവ്യ എസ്. അയ്യരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരേ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകൾ ഇറങ്ങിയതും ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിൽ അനുപമയുടെ സ്ഥലംമാറ്റം ശ്രദ്ധേയമാണ്.
കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ എം.ജി. രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല നൽകി. എൻ. പ്രശാന്തിനെ കെഎസ്ഇബി ചെയർമാനായി നിയമിച്ചെങ്കിലും കായിക വകുപ്പിന്റെ ചുമതല തുടരും.
വിവിധ വകുപ്പുകളിൽ പുതിയ നിയമനങ്ങൾ
വ്യവസായ വകുപ്പ് സെക്രട്ടറിയായി എം. ബീനയെ നിയമിച്ചു. ഫിഷറീസ് വകുപ്പിൽ നിന്ന് മാറ്റിയ ബി. അബ്ദുൽ നാസറിന് സഹകരണ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി ചുമതല നൽകി. വീണ എൻ. മാധവനാണ് കൃഷി വകുപ്പിന്റെ പുതിയ സെക്രട്ടറി.
പി.ബി. നൂഹിനെ തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും എസ്. സുഹാസിനെ ഐടി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. ശ്രീറാം സാംബശിവ റാവുവിനെ പട്ടികജാതി-പട്ടികവർഗ വകുപ്പ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതല ശർമിള മേരി ജോസഫിന് നൽകി. വിവിധ വകുപ്പുകളിലെ ഭരണപരമായ മാറ്റങ്ങൾക്കൊപ്പം മന്ത്രിമാരുടെ ഇടപെടലുകളും പുതിയ നിയമനങ്ങളിൽ നിർണായകമായെന്നാണ് വിലയിരുത്തൽ. ആരോഗ്യ, തദ്ദേശ സ്വയംഭരണ, വൈദ്യുതി വകുപ്പുകളിലെ മാറ്റങ്ങൾ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്.

0 Comments