കൊച്ചി: പിഎസ്സി പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ചകൾ സാങ്കേതികം മാത്രമാണെന്ന് ഹൈക്കോടതിയിൽ വിശദീകരിച്ച് പിഎസ്സി. പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടൻ പുനർമൂല്യനിർണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുവെന്നും പിഎസ്സി കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരം പിഴവുകൾ ആവർത്തിക്കുന്നതിനെ കോടതി വിമർശിച്ചു. ഒരൊറ്റ പിഴവ് മാത്രമാണോ സംഭവിച്ചതെന്നും ആവർത്തിച്ചുള്ള പിഴവുകളെക്കുറിച്ച് കേൾക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് വാദപ്രതിവാദങ്ങൾ നടന്നത്.
അതേസമയം, പിഎസ്സിയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ക്രമക്കേടിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ചിലർ പിഎസ്സിയെ സ്വന്തം കുടുംബസ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും സർക്കാർ കുറ്റപ്പെടുത്തി. സാങ്കേതികവും നൂതനവുമായ രീതിയിലുള്ള തട്ടിപ്പാണ് നടന്നതെന്നും സർക്കാർ വാദിച്ചു.
പരീക്ഷാ ക്രമക്കേട് നടന്നിട്ടും ഒരു വർഷത്തോളം പിഎസ്സി നടപടിയെടുക്കാതെ നിഷ്ക്രിയമായിരുന്നുവെന്നും ഇത് ഉദ്യോഗാർഥികളെ സംരക്ഷിക്കാനായിരുന്നുവെന്നും സർക്കാർ ആരോപിച്ചു. ഭരണകക്ഷിയിലുള്ളവർക്കാണ് നിയമനം ലഭിച്ചതെന്നും കോടതി നിരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

0 Comments