കൊല്ലം: കൊല്ലത്ത് വീണ്ടും ലോട്ടറി ടിക്കറ്റിൽ അച്ചടിപ്പിശക്. ഒരേ സീരിയൽ നമ്പറിൽ രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. ഇന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ എത്തിയ ടിക്കറ്റുകളിലാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്.
എസ് സി 819746 എന്ന സീരിയൽ നമ്പറിലുള്ള രണ്ട് ടിക്കറ്റുകളാണ് കണ്ടെത്തിയത്. കൊല്ലം ട്രഷറിയിൽനിന്ന് എടുത്ത ടിക്കറ്റുകളാണിതെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്. കരിക്കോട് പ്രവർത്തിക്കുന്ന ആറ്റുക്കാൽ ഏജൻസിയിൽനിന്നാണ് ടിക്കറ്റുകൾ എത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ടിക്കറ്റ് വിൽപന നടത്തുന്ന വ്യക്തി ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
വൈകിട്ട് മൂന്നുമണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുക. ഇതിനിടെയാണ് ഒരേ സീരിയൽ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയത്. ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോഴും രണ്ട് ടിക്കറ്റുകളിലും ഒരേ വിവരങ്ങളാണ് ലഭിക്കുന്നതെന്നാണ് വിവരം.
ഇന്നലെ കൊല്ലം കുണ്ടറയിലും സമാനമായ രീതിയിൽ ഒരേ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തിയിരുന്നു. തുടർച്ചയായി ലോട്ടറി ടിക്കറ്റുകളിൽ ഇത്തരം അച്ചടിപ്പിശകുകൾ കണ്ടെത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംഭവത്തിൽ കൊല്ലം ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി പരിഗണിച്ച് ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യം.
0 Comments