ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായി ആദ്യ നാല് മത്സരങ്ങൾ വിജയിച്ച ടീം പ്ലേ ഓഫ് കടക്കാതെ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടാണ് ഡൽഹി ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായത്. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹി ആറിൽ വിജയിക്കുകയും ആറിൽ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം മഴ മുടക്കിയതോടെ ഡൽഹി നേടിയ ആകെ പോയിന്റ് 13 ആയി. അവശേഷിച്ച മത്സരം വിജയിച്ചാലും ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കില്ല.
സീസണിൽ ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ അവസാന പന്ത് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ 2025ന് തുടക്കമിട്ടത്. പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിനെയും ചെന്നൈ സൂപ്പർ കിങ്സിനെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും ഡൽഹി പരാജയപ്പെടുത്തി. എന്നാൽ അഞ്ചാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് ഡൽഹി സീസണിൽ ആദ്യമായി പരാജയപ്പെട്ടു. തൊട്ടടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി സൂപ്പർ ഓവറിൽ പരാജയപ്പെടുത്തി.
സീസണിലെ ഡൽഹിയുടെ ഏഴാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി തകർപ്പൻ ജയം സ്വന്തമാക്കി. പക്ഷേ പിന്നീട് നടന്ന അഞ്ചിൽ നാല് മത്സരങ്ങളിലും ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം മഴ തടസപ്പെടുത്തുകയും ചെയ്തു. ഐപിഎൽ മെഗാലേലത്തിന് ശേഷം പൊളിച്ചുപണിത ടീമുമായെത്തിയ ഡൽഹി ക്യാപിറ്റൽസിന് പക്ഷേ പ്ലേ ഓഫ് യോഗ്യത നേടാനായില്ല. 2021ലാണ് ഡൽഹി ക്യാപിറ്റൽസ് അവസാനമായി ഐപിഎല്ലിന്റെ പ്ലേ ഓഫ് കടന്നത്. 2020ൽ ഫൈനൽ കളിച്ചതാണ് ഡൽഹിയുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം.
0 Comments