അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഇഷ്ട നമ്പറായിരുന്നു 1206. ഒടുവിൽ മരണം അദ്ദേഹത്തെ തേടിയെത്തിയതും അങ്ങനെയൊരു തീയതിയിൽ, 12-06 (ജൂൺ 12).1206 തന്റെ ഭാഗ്യ നമ്പറായി വിജയ് രൂപാണി വിശ്വസിച്ചിരുന്നു. രൂപാണി ആദ്യമായി വാങ്ങിയ സ്കൂട്ടറിനും പിന്നീട് വാങ്ങിയ കാറിനും 1206 ആയിരുന്നു രജിസ്ട്രേഷൻ നമ്പർ. അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ 1206ഉം ഭാഗ്യ നമ്പറിലെ നിർഭാഗ്യവും സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്.
ലണ്ടനിലുള്ള മകളെയും കുടുംബത്തെയും കാണാനാണ് വിജയ് രൂപാണി ഇന്നലെ ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിൽ കയറിയത്. പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ വിമാനം തകർന്നുവീണ് തീഗോളമാവുകയായിരുന്നു. വിജയ് രൂപാണി ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241പേർക്കും ജീവൻ നഷ്ടമായി.
1956ൽ ബർമയിലാണ് വിജയ് രൂപാണി ജനിച്ചത്. കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഗുജറാത്തിലെത്തി. എബിവിപിയിലൂടെ വളർന്ന് ബിജെപിയുടെ മുൻനിര മുഖമായി മാറുകയായിരുന്നു. 2016ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായത്.
0 Comments