ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിന്റെ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നിൽക്കുന്നത്. ജൂണ്‍ 20ന് ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ യാത്ര ആരംഭിക്കുകയാണ്. മത്സരത്തിന് മുൻപായി മാധ്യമങ്ങളെ കണ്ടപ്പോള്‍ പരമ്പരയില്‍ തന്റെ ലക്ഷ്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഗില്‍.
പരമ്പരയിലെ മികച്ച ബാറ്ററാവുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്യാപ്റ്റന്‍സി നല്‍കുന്ന സമ്മര്‍ദ്ദത്തില്‍ തളരുന്നതിന് പകരം ബാറ്റിങ്ങില്‍ തിളങ്ങുക എന്നതാണ് തന്റെ പ്രാഥമിക ശ്രദ്ധയെന്ന് ഗില്‍ വ്യക്തമാക്കി.
‘പരമ്പരയില്‍ ഒരു ബാറ്ററായി കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്യാപ്റ്റന്‍സിയെക്കുറിച്ച് ചിന്തിക്കരുത്. അത് എന്നെ സമ്മര്‍ദ്ദത്തിലാക്കും. പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആകണമെന്നാണ് എന്റെ ആഗ്രഹം’, ഗില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ലഭിച്ച അവസരത്തെ കുറിച്ചും ഗില്‍ പ്രതികരിച്ചിരുന്നു. ‘ഒരു കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങളുടെ രാജ്യത്തെ നയിക്കുക എന്നത് പലര്‍ക്കും ലഭിക്കാത്ത ഒരു അവസരമാണ്. ഞാന്‍ അതില്‍ വളരെ ആവേശത്തിലാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 32 ടെസ്റ്റുകളില്‍ നിന്ന് ആറ് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,893 റണ്‍സ് ഗില്‍ ഇതുവരെ നേടിയിട്ടുണ്ട്. എന്നാല്‍ വിദേശമണ്ണില്‍ നടക്കുന്ന പരമ്പരകളില്‍ പ്രത്യേകിച്ച് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ആ ഫോം ആവര്‍ത്തിക്കാന്‍ ഗില്‍ ബുദ്ധിമുട്ടിയിരുന്നു. അവിടെ 11 മത്സരങ്ങളില്‍ നിന്ന് 25.70 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ഇംഗ്ലണ്ടില്‍ നടന്ന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 14.66 ശരാശരിയില്‍ 88 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാനായിട്ടുള്ളൂ.
ഇന്ന് ലീഡ്‌സിലെ ഹെഡിങ്‌ലിയിലാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ക്ക് കൂടി ഇതോടെ തുടക്കമാകും. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വിരമിച്ച ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
0 Comments